തിരുവല്ല നെടുമ്പ്രത്ത് കുടുംബശ്രീ പദ്ധതികളുടെ മറവിൽ തട്ടിപ്പ് നടന്നെന്ന പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതിനുശേഷവും തട്ടിപ്പ് നടത്തിയവർ കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുത്തതായി വിവരം. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടക്കുന്ന ഓണച്ചന്തയുടെ സംഘാടകസമിതിയിൽ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരോടൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങൾ മനോരമ ന്യൂസിന് ലഭിച്ചു. എന്നാൽ അന്തിമ റിപ്പോർട്ട് വരാത്തതിനാൽ ഡിഎംസിയുടെ അനുവാദത്തോടെ ഇവരെ സമിതിയിൽ പങ്കെടുപ്പിക്കുകയായിരുന്നെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. 

ആഗസ്റ്റ് 14-ാം തീയതിയാണ് സിഡിഎസ് ഫണ്ടിൽ തിരിമറി നടന്നെന്ന പ്രാഥമിക ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നത്. വീഴ്ച വരുത്തിയവരുടെ പേരടക്കം പറഞ്ഞുകൊണ്ടുള്ള റിപ്പോർട്ടിൽ ചാർജ് ഓഫീസറും അക്കൗണ്ടന്റും ചെയർപേഴ്സനും. തൽസ്ഥാനത്ത് തുടരാൻ അർഹരല്ലെന്നും പരാമർശമുണ്ട്. എന്നാൽ റിപ്പോർട്ട് പുറത്തുവന്നതിന് 10 ദിവസത്തിനു ശേഷം നടന്ന ഓണച്ചന്തയുടെ CDS സംഘാടകസമിതിയിലും അക്കൗണ്ടന്റും ചെയർപേഴ്സനും പങ്കെടുത്തതാണ് ആരോപണത്തിനടിസ്ഥാനം. കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും മാറ്റിനിർത്താത്തത് വീഴ്ച മറയ്ക്കാനുള്ള അവസരമായി മാറുകയല്ലേയെന്നും ചോദ്യം ഉയരുന്നു. റിപ്പോർട്ട് പ്രതിപക്ഷ അംഗങ്ങൾക്ക് നൽകിയില്ലെന്നും വിമർശനം. അതേസമയം ഡിഎംസിയുടെ അനുവാദത്തോടെയാണ് വീഴ്ച വരുത്തിയവരെ ഓണച്ചന്തയുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുപ്പിച്ചതെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം. അന്തിമ റിപ്പോർട്ട് വന്നില്ലായിരുന്നെന്ന സാങ്കേതികത പറഞ്ഞൊഴിയുകയാണ് പഞ്ചായത്ത് ഭരണസമിതി.

Thiruvalla Kudumbashree scam