പത്തനംതിട്ട പോത്തുപാറയില്‍ ടിപ്പര്‍ ലോറികള്‍ തടയുന്നത് വരും ദിവസങ്ങളിലും തുടരുമെന്ന് ശ്രീകൃഷ്ണവിലാസം ലോവര്‍ പ്രൈവറി സ്കൂളിലെ പിടിഎ അംഗങ്ങള്‍. സ്കൂള്‍ മുറ്റത്തേക്ക് അമിതഭാരവുമായെത്തിയ ലോറി മറിഞ്ഞതോടെയാണ് സംരക്ഷണഭിത്തി ആവശ്യപ്പെട്ട് ടിപ്പര്‍ ലോറികള്‍ തടയാന്‍ തുടങ്ങിയത്.

ബുധനാഴ്ച രാവിലെയാണ് സ്കൂള്‍ മുറ്റത്തേക്ക് ടിപ്പര്‍ ലോറി മറിഞ്ഞത്. സ്കൂളിലെ പടവുകളും കൊടിമരവും തകര്‍ന്നു. സ്കൂള്‍ തുറക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പായതിനാലാണ് വന്‍ദുരന്തം ഒഴിവായത്. സംരക്ഷണഭിത്തി ആവശ്യപ്പെട്ടാണ് ലോറികള്‍ തടഞ്ഞത്. ഇന്നലെ ചര്‍‌ച്ചവച്ചെങ്കിലും പിന്നീട് തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇതോടെയാണ് പ്രതിഷേധം തുടരാന്‍ തീരുമാനിച്ചത്

പോത്തുപാറ അതിരുങ്കല്‍ റോഡിലൂടെ അനുവദിച്ചതിന്‍റെ ഇരട്ടിയിലധികം ഭാരവുമായാണ് ക്വാറിയില്‍ നിന്നുള്ള ലോറികള്‍ പോകുന്നത് എന്നാണ് നാട്ടുകാരുടെ ആരോപണം.. കലഞ്ഞൂര്‍ പഞ്ചായത്തില്‍ മാത്രം പത്തിലധികം പാറമടകളുണ്ട്. സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിനാണ് നീക്കം