തിരുവനന്തപുരം ടെക്നോപാർക്കില്‍ ഗേറ്റ് വിവാദം

തിരുവനന്തപുരം ടെക്നോപാർക്കില്‍ ഗേറ്റ് വിവാദം. വിക്കറ്റ് ഗേറ്റ് എന്ന് അറിയപ്പെടുന്ന ചെറിയ ഗേറ്റ് പൂട്ടാനുള്ള തീരുമാനത്തില്‍ പ്രതിഷേധത്തിലാണ് ജീവനക്കാര്‍. സുരക്ഷാ പ്രശ്നമുണ്ടെന്നും ഗേറ്റ് അടയ്ക്കാതെ വഴിയില്ലെന്നുമുള്ള കടുത്ത നിലപാടിലാണ് ടെക്നോപാര്‍ക്കിന്‍റെ പുതിയ സി.ഇ.ഒ

കഴക്കൂട്ടത്തു നിന്നും കാൽനടയായി ടെക്നോപാർക്കിനുള്ളിൽ എത്താനുള്ള എളുപ്പ മാർഗ്ഗമാണു നിള കെട്ടിടത്തിനു പിന്നിലുള്ള ഈ ഗേറ്റ്. മൂന്ന് സ്റ്റംപ് നാട്ടുന്ന അകലത്തിലും അല്‍പം കൂടുതല്‍ വലിപ്പമാണ് ഈ ഗേറ്റിന്. അങ്ങനെ വിക്കറ്റ് ഗേറ്റെന്ന് പേരുവീണു. ദിവസവും നൂറുകണക്കിന് ഐ.ടി ജീവനക്കാര്‍ ഇതുവഴി സഞ്ചരിക്കുന്നു. കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന നിരവധി റെസ്റ്റോറന്റുകളും ചായ തട്ടുകളും ഹോസ്റ്റലുകളും ഈ ഗേറ്റിനു പുറത്തുണ്ട്. പൊലീസ് സുരക്ഷയുള്ള ഈ ഗേറ്റ് വഴി, ഓഫീസ് തിരിച്ചറിയൽ കാർഡ്‌ കൈവശം വയ്ക്കുന്നവരെ മാത്രമാണ് ടെക്നോപാർക്കിലേക്ക് കടത്തി വിടുന്നത്. എന്നിട്ടും സുരക്ഷയുടെ കാര്യം ചൂണ്ടിക്കാണിച്ച് ഗേറ്റ് പൂട്ടാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ടെക്കികള്‍ക്കിടയില്‍. 

2014 ലെ സുരക്ഷാ ഓഡിറ്റിൽ ഈ ഗേറ്റ് അടച്ചുപൂട്ടണമെന്ന തീരുമാനം വന്നെങ്കിലും ജീവനക്കാർ എതിർത്തതോടെ തീരുമാനം നടപ്പായില്ല. കടുത്ത സുരക്ഷാ പ്രശ്നങ്ങളും സ്ത്രീകളുടെ സുരക്ഷയെകുറിച്ചുള്ള ആശങ്കയുമുള്ളതിനാലാണ് നിള ബിൽഡിംഗിന് സമീപമുള്ള താൽക്കാലിക വിക്കറ്റ് ഗേറ്റ് അടച്ചുപൂട്ടുന്നത് എന്നാണ് ടെക്നോപാര്‍ക്ക് സി.ഇ.ഒ സഞ്ജീവ് നായരുടെ നിലപാട്.  എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ആ പ്രദേശത്തുണ്ടെങ്കിൽ സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയാണ് വേണ്ടതെന്നാണ് പ്രതിധ്വനി ഭാരവാഹികള്‍ പറയുന്നു.

Gate controversy at Thiruvananthapuram Technopark