ആവണിശ്വരത്ത് റെയില്‍വേ മേല്‍പ്പാല നിര്‍മാണം വൈകുന്നു; ഭൂമി ഏറ്റെടുക്കലില്‍ വീഴ്ച

കൊല്ലം ആവണീശ്വരത്ത് റെയിൽവേ മേൽപാലം നിർമിക്കാൻ റെയിൽവേ ബോർഡിൻ്റെ അനുമതി ലഭിച്ചെങ്കിലും നിർമാണ പ്രവർത്തികൾ വൈകുന്നു. സംസ്ഥാന സർക്കാർ മുൻഗണനാ ക്രമം നിശ്ചയിച്ച് നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. 

റെയിൽവേയും സംസ്ഥാന സർക്കാരും സംയുക്തമായാണ് ആവണീശ്വരത്ത് റെയിൽവേ മേൽപ്പാലം നിർമിക്കുന്നത്. എന്നാൽ അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നൽകിയിട്ടില്ല. ഭൂമി ഏറ്റെടുക്കലിന് സർവേ നടത്താനുള്ള ചുമതല റോഡ്സ് ആൻസ് ബ്രിജസ് ഡവലപ്മെൻ്റ് കോർപറേഷനാണ്. നടപടികൾ വൈകുന്നതായാണ് പരാതി. കൂടാതെ സംസ്ഥാന സർക്കാർ പാതയുടെ മുൻഗണനാ ക്രമം നിശ്ചയിച്ച് നൽകിയിട്ടുമില്ല. നിലവിൽ പ്രതിദിനം പതിനഞ്ച് ട്രെയിനുകളാണ് കടന്ന് പോകുന്നത്. റെയിൽവേ ഗേറ്റിൽ യാത്രക്കാർ ബുദ്ധിമുട്ടിലാകുന്നതിന് പരിഹാരമാണ് റെയിൽവേ മേൽപ്പാലം.

റെയിൽവേ എൻജിനീയറിങ് വിഭാഗമാണ് പാലത്തിൻ്റെ ഡിസൈനും പ്ലാനും തയാറാക്കുന്നത്. പത്തനാപുരം - വാളകം ശബരി ബൈപാസ്, പത്തനാപുരം - കൊല്ലം എന്നീ പ്രധാന റോഡുകൾ കടന്നു പോകുന്നയിടമാണ് ആവണീശ്വരം.