യുവാവ് ഷോക്കേറ്റ് മരിച്ചിട്ടും അനങ്ങാതെ ഉദ്യോഗസ്ഥര്‍; അപകടകരമാം വിധം താഴ്ന്ന് വൈദ്യുതി ലൈന്‍

പത്തനംതിട്ട സീതത്തോട് കോട്ടക്കുഴിയിൽ അപകടകരമാം വിധം താഴ്ന്നു കിടക്കുന്ന വൈദ്യുതി ലൈന്‍ ഉയര്‍ത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍.   കഴിഞ്ഞയാഴ്ച യുവാവ് ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തു വന്നത്.  

ശബരിഗിരി–ഇടമൺ–വൺ 220കെ.വി ഹൈടെൻഷൻ താഴ്ന്നു കിടക്കുന്നതാണ് അപകടമാവുന്നത്.ശബരിഗിരി പദ്ധതി കമ്മിഷനുമായി ബന്ധപ്പെട്ട് 1965–66 കാലഘട്ടത്തിലാണ് ടവറുകൾ സ്ഥാപിച്ച് ലൈൻ വലിക്കുന്നത്. പഞ്ചായത്തിലെ 8ാം വാർഡിൽപ്പെട്ട കോട്ടക്കുഴി ഭാഗത്താണ് ലൈൻ തീർത്തും താഴ്ന്നു കിടക്കുന്നത്. ഇവിടെ ടവറുകൾ തമ്മിൽ 300 മീറ്ററോളമാണ് അകലം. ഒരാഴ്ച മുൻപ് താഴ്ന്ന കിടന്ന ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് രതീഷ് എന്ന യുവാവ് മരിച്ചിരുന്നു. ലൈൻ ഉയർത്തണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് മന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്. കാലവർഷ ത്തിന് മുമ്പ് ലൈന്‍ ഉയര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.. 

ഇപ്പോൾ ലൈനിനോടു ചേർന്ന് 50ൽ അധികം കുടുംബങ്ങൾ താമസം ഉണ്ട്.  മഴക്കാലം തുടങ്ങിയാൽ പിന്നെ സ്ഥലവാസികൾ ഏറെ ആശങ്കയോടു കൂടിയാണ് ലൈനിനു കീഴിലൂടെ പോകുന്നത്. എത്ര കടുത്ത മഴയാണെങ്കിലും കുട നിവർത്തി ലൈനിനു കീഴിലൂടെ ആരും പോകാറില്ലെന്നു നാട്ടുകാര്‍ പറയുന്നു. പുതിയതായി ഒരു ടവർ സ്ഥാപിച്ചാൻ നിലവിലുള്ള പ്രശ്നങ്ങൾക്കു പരിഹാരമാകും. മുൻപ് ഉണ്ടായിരുന്നതിലും കൂടുതൽ ലൈൻ താഴ്ന്നതായാണ് നാട്ടുകാര്‍ പറയുന്നത്.