ശുചിത്വവും ജലസമൃദ്ധിയും ലക്ഷ്യം; 180 കോടി രൂപയുടെ ബജറ്റുമായി കൊല്ലം ജില്ലാ പഞ്ചായത്ത്

ശുചിത്വവും ജലസമൃദ്ധിയും ലക്ഷ്യമാക്കി കൊല്ലം ജില്ലാ പഞ്ചായത്തിന് 180 കോടി രൂപയുടെ ബജറ്റ്. മൂന്നരക്കോടി രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലാലാണ് അവതരിപ്പിച്ചത്. വിദേശ മാതൃകയില്‍ ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിന് പ്ളാന്റ് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.

ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം വര്‍ധിപ്പിക്കുക, ശുചിത്വവും ജലസമൃദ്ധിയും വീണ്ടെടുക്കുക എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്ന ബജറ്റാണ് കൊല്ലം ജില്ലാ പഞ്ചായത്തിന്റേത്. 180 കോടി രൂപയുടെ വരവും 176 കോടി രൂപയുടെ ചെലവും മൂന്നരക്കോടി രൂപയുടെ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പികെ ഗോപന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് സുമലാലാണ് അവതരിപ്പിച്ചത്.

വിദേശ മാതൃകയില്‍ ശുചിമുറി മാലിന്യം സംസ്‌കരിക്കുന്നതിന് പ്ളാന്റ് സ്ഥാപിക്കും. പൊതുസ്ഥലത്ത് വലിച്ചെറിയുന്ന മാലിന്യങ്ങള്‍ സംബന്ധിച്ച പരാതികളും ചിത്രങ്ങളും ജില്ലാ പഞ്ചായത്തിലെ സോഫ്റ്റ്‌വെയയറിലേക്ക് എത്തിക്കുന്ന ഡിജിറ്റല്‍ പരാതിപ്പെട്ടിയാണ് മറ്റൊന്ന്. ജില്ലാ ആശുപത്രിയിലും സ്‌കൂളുകളിലും മാലിന്യ സംസ്‌കരണ സംവിധാനങ്ങളുണ്ടാക്കും. ഒഴുകാം ശുചിയായി എന്ന പദ്ധതിക്ക് ഉള്‍‌പ്പെടെ 55 കോടി രൂപ വകയിരുത്തി. മല്‍സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ജിനുകള്‍ മാറ്റി എല്‍പിജി ആക്കും. കുടിവെള്ളം , ഭവന നിര്‍മാണം, മണ്ണ് ജലസംരക്ഷണം, ടൂറിസം എന്നീ മേഖലകളും ബജറ്റില്‍ ഇടംപിടിച്ചു.