പ്രസവശസ്ത്രക്രിയയിൽ കത്രിക മറന്നുവച്ചെന്ന് പരാതി; ഇഎസ്ഐ ആശുപത്രിക്കെതിരെ അന്വേഷണം

കൊല്ലം എഴുകോണ്‍ ഇഎസ്ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറിനുളളില്‍ ശസ്ത്രക്രിയ സാമഗ്രി വച്ചതായുളള പരാതിയില്‍ അന്വേഷണം തുടരുന്നു. മന്ത്രി വി ശിവന്‍കുട്ടി ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടി. യുവതി തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്.

ഇടയ്ക്കോട് സ്വദേശിനി ചിഞ്ചുരാജിന്റെ പ്രസവ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടാണ് ഇഎസ്െഎ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ അന്വേഷണം. ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനു ജന്മം നൽകിയതിന് പിന്നാലെ ശസ്ത്രക്രിയ സാമഗ്രികള്‍ വയറിനുളളില്‍ വച്ച് തുന്നിക്കെട്ടി. അതിവേദനയിലായ യുവതിയെ കഴിഞ്ഞ തിങ്കളാഴ്ച സിടി സ്കാന്‍ ചെയ്തിനു ശേഷം രണ്ടാമത് ശസ്ത്രക്രിയ നടത്തിയാണ് ശസ്ത്രക്രിയ സാമഗ്രി നീക്കം ചെയ്തത്. ഇഎസ്െഎ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. 

  കൃത്യമായ വിവരങ്ങള്‍ പോലും നല്‍കാതെ ഇഎസ്െഎയിലെ ഡോക്ടര്‍ വീഴ്ചവരുത്തിയെന്നാണ് ആക്ഷേപം. ഡോക്ടര്‍‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് പ്രവര്‌‍ത്തകര്‍ ഇഎസ്െഎ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം തൊഴില്‍വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഎസ്െഎ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.