സിപിഐ സംഘടനാ നേതാവിന്റെ റേഷൻകടയുടെ ലൈസൻസ് റദ്ദാക്കി

കൊല്ലം കുന്നത്തൂരിൽ സിപിഐ സംഘടനാ നേതാവിന്റെ റേഷൻകടയുടെ ലൈസൻസ് സിവില്‍ സപ്ലൈസ്  ഉദ്യോഗസ്ഥർ റദ്ദാക്കി. 21 ക്വിന്റൽ അരിയുടെ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് താലൂക്ക് സപ്ലൈസ് ഓഫിസർ അറിയിച്ചു. കേരളാ റേഷൻ എംപ്ലോയീസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കടയ്ക്കെതിരെയാണ് നടപടി. 

കുന്നത്തൂരിലെ ഇരുപത്തിഒന്നാം നമ്പർ റേഷൻ കടയ്ക്കെതിരെ ലഭിച്ച പരാതികൾ പ്രകാരം താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 21 ക്വിന്റൽ ഭക്ഷ്യ സാധനങ്ങളുടെ കുറവ് കണ്ടെത്തിയത്. പച്ചരി, കുത്തരി, ആട്ട , പഞ്ചസാര എന്നിവയിൽ ഗണ്യമായ കുറവുണ്ട്. കട തുറക്കുന്നില്ലെന്നും സാധനങ്ങൾ നൽകുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരുന്നു. അതേസമയം ഗൂഢാലോചനയുടെ ഭാഗമായാണെന്ന് നടപടിയെന്നാണ് ലൈസൻസി പ്രിയൻകുമാറിന്റെ ആരോപണം.

നടപടിക്രമങ്ങൾ പാലിച്ചാണ് പരിശോധിച്ചതെന്ന് താലൂക്ക് സപ്ലൈ ഓഫീസർ സുജ ടി ഡാനിയൽ വ്യക്തമാക്കി. സംസ്ഥാന ഭക്ഷ്യ കമ്മിഷനും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ലൈസൻസ് റദ്ദാക്കിയ നടപടി ഒഴിവാക്കാൻ ചില സംഘടനകൾ ഇടപെട്ടന്ന ആക്ഷേപം ഉണ്ട്.