ഇവിടെ കുടിക്കാൻ തുള്ളി വെള്ളമില്ല; ചുമന്ന് കൊണ്ടുവരാന്ന് വച്ചാൽ വഴിയുമില്ല: ദുരിതം

പത്തനംതിട്ട ഒഴുകുപാറയില്‍ കുടിവെള്ളമില്ല. വെള്ളം പുറത്തുനിന്നു കൊണ്ടുവരാമെന്ന് വച്ചാല്‍ വഴിയുമില്ല. കടമ്പനാട് പഞ്ചായത്തിലെ ഉയർന്ന പ്രദേശമായ കന്നിമലയോടു ചേർന്ന പ്രദേശമാണിത്

പാറ നിറഞ്ഞ പ്രദേശത്തെ കിണറുകൾ വേനൽക്കാലത്ത്  വറ്റി വരളുമ്പോൾ കനാൽ വെള്ളവും പൈപ്പ് വെള്ളവുമാണ് ആശ്രയം.ജല അതോറിറ്റിയുടെ മലങ്കാവ് പദ്ധതിയുടെ കന്നിമല സംഭരണിയിൽ നിന്നുള്ള വെള്ളമാണ് പ്രദേശത്ത് എത്തുന്നത്. കൃത്യമായി വെള്ളം വരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.   കനാൽ കടന്നു പോകുന്നുണ്ടെങ്കിലും വേനൽ കടുത്ത സമയത്ത് വെള്ളമില്ല. മണ്ണടി പ്രദേശത്തെ വയലുകളില്‍ കൊയ്ത്ത് പ്രതിസന്ധിയിലാകുമെന്നതിനാലാണ് കനാൽ തുറന്നു വിടാത്തത്. വയലില്‍ ജലനിയന്ത്രണ സംവിധാനം ഒരുക്കിയാല്‍ കനാൽ തുറന്നു വിടാൻ കഴിയും. കനാല്‍ വെള്ളം ഇല്ലാത്തതിനാല്‍ വാഴയും മറ്റ് പച്ചക്കറി കൃഷിയും വരൾച്ച ബാധിച്ച് നശിച്ചിട്ടുണ്ട്.

കനാൽ കരയിലാണ് വീടുകൾ. തകർന്ന് കിടക്കുന്ന മൺപാതക്ക് കനാലിനോടു ചേർന്ന ഭാഗത്ത് സംരക്ഷണ ഭിത്തിയില്ല. കൈവരികൾ തകർന്ന വീതി കുറഞ്ഞ കലുങ്കുകളും റോഡിലേക്കിറങ്ങിയ വൈദ്യുതിത്തൂണുകളും വാഹനങ്ങളില്‍ വെള്ളം എത്തിക്കുന്നതിനും തടസമാണ്