പണി ആരംഭിച്ച് ഒരു വർഷമാകും മുമ്പേ ടാര്‍ ഇളകി; ദുരിതം

പണി ആരംഭിച്ച് ഒരു വര്‍ഷം തികയുംമുമ്പ് റോഡിന്‍റെ ഉപരിതലം ഇളകിത്തുടങ്ങി. ടാര്‍ ഇളകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പാച്ച് വര്‍ക്ക് നടത്തി മുഖം രക്ഷിക്കാനായി കരാറുകാരന്‍റെ ശ്രമം. പത്തനംതിട്ട വെണ്ണിക്കുളം– നാരകത്താനി റോഡിനാണ് ഈ ഗതികേട്. 

ടിഎംവി റോഡ് എന്നറിയപ്പെടുന്ന ഈ പാത ബിഎംബിസി നിലവാരത്തിലാണ് കഴിഞ്ഞ വര്‍ഷം നവീകരിച്ചത്. ഏറെ നാള്‍ കുണ്ടും കുഴിയുമായി കിടന്ന റോഡ് നന്നാക്കിയത് നാട്ടുകാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. എന്നാല്‍ ടാര്‍ ഇളകിത്തുടങ്ങിയതോടെ റോഡ് പഴയപടിയാകുമോയെന്ന ആശങ്കയാണ് നാട്. ഉപരിതലം ഇഴകുന്നത് ശ്രദ്ധയില്‍പ്പെട്ടതോ‌ടെ കരാറുകാരന്‍ ഇടപെട്ട് പാച്ച് വര്‍ക്ക് നടത്തിയതിനെതിരെ നാട്ടുകാര്‍ തന്നെയാണ് രംഗത്തുവന്നത്. 

ഇതുകൊണ്ട് എന്തു പ്രയോജനം എന്ന് ചോദിച്ചവരോട് യാതൊരു കുഴപ്പവുമില്ല എന്ന മറുപടിയാണ് ലഭിച്ചത്. നവീകരിച്ച് ഒരു വര്‍ഷം പോലും തികയുംമുമ്പേ ടാറിങ് ഇളകുകയാണെങ്കില്‍ എന്ത് നിലവാരമാണ് റോഡിനുള്ളതെന്നാണ് നാട്ടുകാരുടെ ചോദ്യം.