കാടിന്റെ മക്കൾക്ക് കല്യാണം; ഊരുകളിലെ 20പേർക്ക് വിവാഹമൊരുക്കി ഗാന്ധിഭവൻ

കാടിന്റെ മക്കള്‍ക്ക് കല്യാണമൊരുക്കി കൊല്ലം പത്തനാപുരത്തെ ഗാന്ധിഭവൻ. പത്തനംതിട്ട ജില്ലയിലെ വിവിധ ആദിവാസി ഊരുകളിലെ ഇരുപതു യുവതികളുടെ വിവാഹമാണ് ഗാന്ധിഭവനിൽ നടന്നത്.

പനിനീര് തളിച്ചും പുഷ്പവൃഷ്ടി നടത്തിയും താലപ്പൊലിയേന്തിയും വധൂവരന്മാർക്ക്  സ്വീകരണം.മന്ത്രി ജെ. ചിഞ്ചുറാണി വിവാഹചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വധുവിന് ചാർത്താനുള്ള താലിയും വരനെയണിയിക്കാനുള്ള വരണമാല്യവും മന്ത്രി തന്നെയാണ് വധൂവരന്മാർക്ക്  കൈമാറിയത്. ഗാന്ധിഭവന്‍ സെക്രട്ടറിയും സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗവുമായ ഡോ. പുനലൂര്‍ സോമരാജന്‍ വധൂവരന്മാരെ കൈപിടിച്ചു നല്‍കി.സര്‍വമത പ്രാര്‍ത്ഥനയോടെ  ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. തുടർന്ന് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.  വധൂവരന്മാരുടെ കുടുംബാംഗങ്ങളും ഊര് മൂപ്പന്‍മാരും  ജനപ്രതിധികളുമെല്ലാം  വിവാഹാഘോഷത്തിൽ പങ്കുചേർന്നു. വിവാഹത്തിനാവശ്യമായ സ്വര്‍ണവും മറ്റ് ചെലവുകളുമെല്ലാം ജീവകാരുണ്യപ്രവര്‍ത്തകരും സുമനസുകളുമാണ് സമ്മാനിച്ചത്.