15 കിലോമീറ്റർ ചുറ്റി സഞ്ചരിക്കണം; കോമളം പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍

എട്ടുമാസമായി തകര്‍ന്നുകിടക്കുന്ന പത്തനംതിട്ട കോമളം പാലം പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍ . പാലം പണിയ്ക്കായി പണം വകയിരുത്തിയെങ്കിലും നടപടിയുണ്ടായില്ല. പതിനഞ്ച് കിലോമീറ്ററോളം ചുറ്റിസഞ്ചരിക്കേണ്ട ഗതികേടിലാണ് ജനങ്ങള്‍ എട്ടു മാസം മുന്‍പ് മണിമലയാറ്റിലുണ്ടായ വെള്ളപ്പൊക്കത്തിലാണ് കോമളം പാലത്തിന്‍റെ അപ്പ്രോച്ച് റോഡും നൂറ് മീറ്ററോളം തീരവും ഒലിച്ചുപോയത്. ഇതുമൂലം തുരുത്തിക്കാട് ഒറ്റപ്പെട്ടു. മൂന്ന് വശവും മണിമലയാറാല്‍ ചുറ്റപ്പെട്ട പ്രദേശമാണ് തുരുത്തിക്കാട്. ആയിരക്കണക്കിനു ആളുകളെയാണ് ഇത് ബാധിച്ചത്.  

സ്കൂളുകളിലേക്കും കോളജുകളിലേക്കും പോകേണ്ടവര്‍ ഉള്‍പ്പെടെ പ്രതിസന്ധിയിലായി. പാലം പണിയ്ക്കായി പണം വകയിരുത്തിയതായി പലതവണ പ്രഖ്യാപനമുണ്ടായെങ്കിലും നടപ്പായില്ല.താല്‍കാലിക പാലം നിര്‍മിച്ചതും കടത്തുവള്ളം ക്രമീകരിച്ചതും ഫലംകണ്ടില്ല. കോമളം പാലം പുനര്‍നിര്‍മിക്കണമെന്നും അടിയന്തിരമായി താല്‍ക്കാലിക പാലം നിര്‍മിക്കണമെന്നുമാണ് നാട്ടുകാരു‌ടെ ആവശ്യം. ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് നാട്ടുകാരുടെ തീരുമാനം.