പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്വന്തം വസ്തുവിലൂടെ റോഡ്; മെമ്പര്‍ക്കെതിരെ പരാതി

തിരുവനന്തപുരം കരകുളം പഞ്ചായത്തില്‍ വാര്‍ഡ് മെമ്പര്‍ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്  സ്വന്തം വസ്തുവിലൂടെ റോഡ് നിര്‍മിച്ചെന്ന് ആരോപണം. കഴുനാട് മെമ്പര്‍ ദീപക്കെതിരെയാണ് ആരോപണം. വസ്തു രണ്ടായി മുറിച്ച് വില്‍പ്പന നടത്തുന്നതിന് റോഡ് നിര്‍മിച്ചെന്നാണ് ആക്ഷേപം. സ്വന്തം ഭൂമി മുറിച്ചുവില്ക്കാന്‍ കരകളും പഞ്ചായത്ത് മെമ്പര്‍ക്ക് തടസമായി നിന്ന് റോഡില്ലെന്നുള്ള പ്രശ്നമാണ്. ഇതിന് പരിഹാരമായി പഞ്ചായത്ത് ഫണ്ടില്‍ നിന്ന് തുകയെടുത്ത് റോഡ് ഉണ്ടാക്കിയെന്ന ആക്ഷേപമാണ് ഉയരുന്നത് . 75സെന്റ്  വസ്തുവിന് നടുവിൽ കൂടി 4 മീറ്റർ വീതിയിൽ 125 മീറ്റർ നീളം വരുന്ന കോൺക്രീറ്റ് റോഡ് ആണ് നിർമ്മിച്ചിരിക്കുന്നത്.  

പഞ്ചായത്തിന്‍റെ  ഫണ്ട് ദുരുപയോഗം ചെയ്തതിന് എതിരെ പ്രതിഷേധിക്കുമെന്ന് നാട്ടുകാര്‍. എന്നാല്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പഞ്ചായത്ത് മെമ്പറുടെ  കുടംബം തള്ളി. ജനവാസ മേഖലയില്‍ റോഡുകള്‍ തകര്‍ന്നു കിടക്കുമ്പോള്‍ സ്വന്തം ഭൂമി വില്പനക്കായി വാര്‍ഡ് മെമ്പര്‍ ഫണ്ട് ദുരുപയോഗം ചെയ്തതിനെതിരെ നിരവധി പരാതികള്‍ നാട്ടുകാര്‍ നല്‍കിയിട്ടും നടപടിയുണ്ടായില്ല.