വെള്ളക്കെട്ടിൽനിന്ന് രക്ഷനേടാൻ തോട് നിർമിച്ചു; ഇപ്പോൾ തോട് കവിഞ്ഞൊഴുകി വീടുകള്‍ വെള്ളത്തിൽ !

ചെറിയ മഴയിൽപ്പോലും വീടുകളിൽ വെള്ളം കയറുന്നതിനാൽ വലയുകയാണ് കോഴഞ്ചേരി കോയിപ്രം പഞ്ചായത്ത് നിവാസികൾ. കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തോട് കവിഞ്ഞൊഴുകി പത്തോളം വീടുകളാണ് വെള്ളത്തിലായത്. 

ചെറിയ മഴയിൽപ്പോലും കോയിപ്രം പഞ്ചായത്തിലെ ഇരപ്പൻ തോടിന് സമീപമുള്ള പ്രദേശങ്ങൾ വെള്ളതിലാകും. മൂന്ന് തോടുകളാണ് പ്രദേശത്തെ വെള്ളക്കെട്ടിൽനിന്ന് സംരക്ഷിക്കാൻ നിർമിച്ചിരിക്കുന്നത്. എന്നാൽ തോട്ടിൽ മാലിന്യം തള്ളുന്നതും തോടുകൾ കൈയേറിയതും വെള്ളത്തിൻ്റെ ഒഴുക്ക് തടസപ്പെടുത്തി. കാനകളുടെ നവീകരണം നടത്താത്തതും മറ്റൊരു കാരണമാണ്. മുൻ കാലങ്ങളിൽ വീതിയിൽ ഒഴുകിയ തോടിൻ്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്.

പൊതുമരാമത്ത് വകുപ്പ് വെള്ളക്കെട്ട് ഒഴിവാക്കാൻ ഓടകൾ നിർമിച്ചെങ്കിലും പ്രയോജനപ്പെട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. നാട്ടുകാരുടെ പരാതിയെത്തുടർന്ന് ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.