35 കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; ഉച്ചക്കട എൽഎംഎൽപി സ്കൂൾ അടച്ചു

തിരുവനന്തപുരം വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയെന്ന സംശയത്തെ തുടര്‍ന്ന് സ്കൂള്‍ അഞ്ചുദിവസത്തേക്ക് അടച്ചു. വെങ്ങാനൂർ ഉച്ചക്കട എൽ.എം. എൽ.പി.സ്‌കൂളാണ്  ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് അടച്ചത്. സ്കൂളില്‍ നിന്ന് വ്യാഴാഴ്ച ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത് . സ്കൂളിലെ ഭക്ഷണത്തിന്‍റെ പ്രശ്നമല്ലെന്നും വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന കുട്ടികള്‍ക്കും പ്രശ്നമുണ്ടായെന്നും സ്കൂള്‍ അധികൃതര്‍ പറഞ്ഞു  

വെങ്ങനൂര്‍ ഉച്ചക്കട എല്‍ പി എസില്‍  ഉച്ചഭക്ഷണത്തില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ് സംശയം ഉയരുന്നത് . ഛര്‍ദിയും വയറിളക്കവും പനിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 35 കുട്ടികളാണ് ചികില്‍സ തേടിയത് . കുട്ടികളെ വൈകിട്ടോടെ ആശുപത്രികളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചയച്ചു. വ്യാഴാഴ്ച സ്‌കൂളിൽ നിന്ന് ഉച്ചഭക്ഷണമായി ചോറും തോരനും സാമ്പാറുമുൾപ്പെട്ടവ നൽകിയിരുന്നു. വീട്ടിലെത്തിയ കുട്ടികൾക്ക് രാത്രിയോടെ തളർച്ചയും ക്ഷീണവുമുണ്ടായി. ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

ആരോഗ്യവകുപ്പ്  സ്കൂളില്‍ പരിശോധന നടത്തി. അഞ്ചുദിവസം സ്‌കൂളടച്ചിടാൻ വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചു. വ്യാഴാഴ്ച ദിവസം തയ്യാറാക്കിയ ഭക്ഷണം കഴിച്ചവരും അല്ലാത്തവരുമായ കുട്ടികൾക്കും അസ്വസ്ഥകളുണ്ടായിരുന്നവെന്ന് സ്‌കൂൾ ഹെഡ്മിസ്ട്രസ് വൈ.എസ്. സജി പറഞ്ഞു. നഴ്‌സറിവിഭാഗം മുതൽ നാലാംക്ലാസുവരെയുളള കുട്ടികളാണ് ഇവിടത്തെ  സ്‌കൂളിൽ പഠിക്കുന്നത്.