പത്തനംതിട്ട ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാംനമ്പർ ജനറേറ്ററിന്റെ തകരാര്‍ പരിഹരിക്കുന്നത് വൈകും. കത്തിയ കോയിലുകള്‍ മാത്രം മാറ്റിയാല്‍ മതിയോ അതോ മുഴുവന്‍ മാറ്റണോ എന്ന കാര്യത്തില്‍ തീരുമാനമായില്ല. ഉള്‍പാദനം ആരംഭിക്കുന്നത് വൈകുന്തോറും വൈദ്യുതിബോര്‍ഡിന് പ്രതിദിനം ലക്ഷങ്ങളാണ് നഷ്ടം.

ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആറാംനമ്പർ ജനറേറ്ററിന് െവള്ളിയാഴ്ച്ച വൈകുന്നേരമാണ് തകരാറുണ്ടായത്. കാലപ്പഴക്കം മൂലം കോയില്‍ കത്തിയതാണ് അപകട കാരണം. 180 കോയിലുകളാണ് ജനറേറ്റിനുള്ളത്. അറ്റകുറ്റപ്പണികൾ ചെയ്തു ഒരു കോയിൽ പുന:സ്ഥാപിക്കാൻ കുറഞ്ഞത് 2.5 ലക്ഷം രൂപയെങ്കിലും വേണ്ടി വരും. വൻ തുക വിനിയോഗിച്ച് കോയിലുകള്‍ പുന:സ്ഥാപിക്കണോ അതോ പുതിയ ജനറേറ്റര്‍ വാങ്ങണോ എന്നതിലാണ് തീരുമാനമുണ്ടാകേണ്ടത്. യുദ്ധകാലടിസ്ഥാനത്തിൽ ജോലികൾ ചെയ്താൽ പോലും അടുത്ത മഴക്കാലത്തിന് മുന്‍പ് ഉല്‍പാദനം പുനരാരംഭിക്കാനാകില്ല. 340 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള ശബരിഗിരി പദ്ധതിയിലെ നാലാം നമ്പർ ജനറേറ്ററും മാസങ്ങളായി പ്രവര്‍ത്തന രഹിതമാണ്. രണ്ടു ജനറേറ്ററുകള്‍ നിലച്ചതോടെ ഉൽപാദനത്തില്‍ പ്രതിദിനം 120 മെഗാവാട്ടിന്റെ കുറവുണ്ട്.