പാലത്തിനായി സ്ഥലം വിട്ടുനല്‍കി; നഷ്ടപരിഹാരമില്ല; അപ്രോച്ച് റോഡുമില്ല; അനാസ്ഥ

പാലത്തിനോട് ചേര്‍ന്ന് റോഡ് നിര്‍മിക്കാന്‍ സ്ഥലം ഏറ്റെടുത്തിട്ടും നഷ്ടപരിഹാരം ലഭിക്കാതെ എട്ടു കുടുംബങ്ങള്‍. പാലം പണിതെങ്കിലും റോഡ് നിര്‍മിക്കാതെയും പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥ. കൊല്ലം കിഴക്കേകല്ലടയിലെ ചീക്കൽകടവ് പാലത്തിനോട് ചേര്‍ന്നുളളവരാണ് നഷ്ടപരിഹാരത്തിനൊപ്പം നാടിന്റെ വികസനത്തിന് റോഡ് നിര്‍മാണവും ആവശ്യപ്പെടുന്നത്.

പാലം പണിയാന്‍ സ്ഥലം വിട്ടുനല്‍കിയ ഫിലിപ്പോസിന് മാത്രമല്ല, പാലത്തിലേക്ക് റോഡ് നിര്‍മിക്കാന്‍ സ്ഥലം നല്‍കിയവരും നഷ്ടപരിഹാരം തേടുകയാണ്്.  അറുനൂറു മീറ്റര്‍ നീളമുളള റോഡിന് സ്ഥലം നല്‍കിയ 28 പേരില്‍ എട്ടുപേര്‍ക്കാണ് ഇനിയും പണം ലഭിക്കാത്തത്.

പതിനൊന്നുവര്‍ഷമായിട്ടും റോഡ് നിര്‍മിച്ചില്ല. കാടുകയറിക്കിടക്കുന്ന സ്ഥലം. ഇഴജന്തുക്കളുടെ ശല്യവും. നിലവില്‍ പാലത്തില്‍ നിന്ന് നേര്‍രേഖയില്‍ റോഡില്ലാത്തതിനാല്‍ കിലോമീറ്ററുകള്‍ അധികമായി സഞ്ചരിക്കണം.കൊടുംവളവുകളില്‍ അപകടങ്ങളും. നഷ്ടപരിഹാരത്തിനും റോഡ് നിര്‍മിക്കാനുമായി പൊതുമരാമത്ത് വകുപ്പ് മൂന്നരക്കോടി രൂപയുടെ രൂപരേഖ തയാറാക്കിയതാണ്. നാടൊന്നാകെ വികസനത്തിന് ഒപ്പമുളളപ്പോള്‍ സര്‍ക്കാര്‍ സംവിധാനത്തിലെ അനാസ്ഥ മാത്രമാണ് തടസം. പൊതുമരാമത്ത് മന്ത്രിയുടെ ഇടപെടല്‍ ഉണ്ടാകണം.