കനത്ത മഴയിൽ പാലം തകർന്നു; ഒറ്റപ്പെട്ട് മൊട്ടമൂട് കോളനി

കനത്ത മഴയില്‍ പാലം തകര്‍ന്നതോടെ തിരുവനന്തപുരം പൊന്‍മുടിക്ക് അടുത്തെ മൊട്ടമൂട് കോളനി ഒറ്റപ്പെട്ടു. ആരും സഹായിക്കാനെത്താത്തതിനാല്‍ കോളനിക്കാര്‍ തന്നെ പാലവും റോഡും നന്നാക്കാനുള്ള പരിശ്രമത്തിലാണ്. ഒടുവില്‍ സബ് കലക്ടര്‍ സ്ഥലത്ത് എത്തിയെങ്കിലും കാര്യമായ സഹായമൊന്നും പ്രഖ്യാപിച്ചുമില്ല.

രണ്ട് ദിവസമായി പെരുമഴയും മലവെള്ളപ്പാച്ചിലുമായിരുന്നു പൊന്‍മുടിയടക്കം തിരുവനന്തപുരത്തിന്റെ മലയോര മേഖലയില്‍. കല്ലാര്‍ കരകവിഞ്ഞതോടെ മൊട്ടമൂട് കോളനിയിലേക്കുണ്ടായിരുന്ന ഏക ആശ്രയമായ ഈ മണ്‍പാലം ഒഴുകിപ്പോയി. 25ലേറെ ആദിവാസികുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

മഴ മാറി നേരം പുലര്‍ന്നതോടെ കുട്ടികളടക്കം കോളനിക്കാര്‍ മുഴുവന്‍ റോഡിലിറങ്ങി. പാറക്കഷണങ്ങള്‍ ചുമന്നും മണ്ണുവെട്ടിയും തകര്‍ന്ന റോഡും പാലവും നന്നാക്കാനുള്ള കഠിനാധ്വാനത്തിലാണിവര്‍. ഇവര്‍ ഇങ്ങിനെ നേരിട്ടിറങ്ങാന്‍ കാരണം അധികാരികളാരും സഹായിക്കില്ലെന്ന മുന്‍ അനുഭവമാണ്.

തടികൊണ്ടുള്ള പാലത്തിന് പകരം സ്ഥിരംപാലമെന്ന ആവശ്യത്തെ  അധികാരികള്‍ അവഗണിച്ചപ്പോള്‍ കോളനിക്കാര്‍ തന്നെ നിര്‍മിച്ച പാലമാണ് ഇപ്പോള്‍ ഒഴുകിപോയത്. പാലമില്ലങ്കില്‍ നാല് കിലോമീറ്ററോളം ചുറ്റിവേണം ഇവര്‍ക്ക് പുറംലോകത്തെത്താന്‍. കോളനിക്കാര്‍ ഒത്തൊരുമിച്ച് പണിയെടുക്കുന്നതിനിടെ മഴക്കെടുതി കാണാന്‍ സബ്കലക്ടറുടെ സംഘമെത്തി. സര്‍ക്കാരിന് റിപ്പോര്‍ട്ട് കൊടുത്ത് എല്ലാം ശരിയാക്കാം എന്ന പതിവ് ഉറപ്പ് നല്‍കി മടങ്ങി.