പൊലീസ് വിലങ്ങിട്ട് പൂട്ടി, കള്ളക്കേസിൽ കുടുക്കി; നീതി പ്രതീക്ഷിച്ച് യുവാവ്

പൊലീസ് അതിക്രമത്തില്‍ ഹൈക്കോടതിയുടെ ഇടപെടലുണ്ടായതോടെ നീതി കിട്ടുമെന്ന പ്രതീക്ഷയിലാണ് കൊല്ലം തെന്മല ഉറുകുന്ന‌് സ്വദേശി രാജീവ്. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് രാജീവിനെ തെന്മല പൊലീസ് വിലങ്ങിട്ട് പൂട്ടിയതും കളളക്കേസില്‍ കുടുക്കിയതും. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ ഇപ്പോഴും ജോലിയില്‍ തുടരുന്നതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിന് കാരണമായത്.

കഴിഞ്ഞ ഫെബ്രുവരി മൂന്നിന് രാത്രിയാണ് ഉറുകുന്ന് സ്വദേശി രാജീവിന് തെന്മല പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. സ്റ്റേഷനില്‍ ഒരു പരാതി കൊടുത്തപ്പോള്‍ രസീത് നല്‍കാതെ അടിച്ചോടിച്ചു. രസീത് ആവശ്യപ്പെട്ടപ്പോള്‍ ക്രൂരപീ‍ഡനം. തൊട്ടടുത്തദിവസം ചികില്‍സതേടാന്‍ പോലും സമ്മതിക്കാതെ മൊബൈല്‍ഫോണ്‍ പിടിച്ചുവാങ്ങുകയും സ്റ്റേഷനില്‍ കയറ്റി വിലങ്ങിട്ട് നിര്‍ത്തുകയും ചെയ്തു. പൊലീസ് അതിക്രമത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കളളക്കേസ് ചുമത്തി പീഡിപ്പിച്ചെന്നാണ് രാജീവ് പറയുന്നത്.മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് നിരന്തരമായി നല്‍കിയ പരാതിയില്‍ കൊല്ലം ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ തെന്മല പൊലീസിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയിരുന്നു.

മേയ് 25 ന് എസ്പിക്ക് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായില്ല. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം എന്ത് നടപടിയെടുത്തെന്ന് ഡിജിപി വ്യക്തമാക്കണമെന്നാണ് കഴിഞ്ഞദിവസം ൈഹക്കോടതി നിര്‍ദേശിച്ചത്.കേസ് 22 ന് വീണ്ടും പരിഗണിക്കും. എസ്െഎ ഡിജെ ശാലു തെന്മലയിലും, ഇന്‍സ്പെക്ടര്‍ വിശ്വംഭരന്‍ ആലപ്പുഴ ജില്ലയിലുമാണ് ഇപ്പോള്‍ ജോലിയിലുളളത്.