മഴയിൽ കനത്ത കൃഷിനാശം; ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം; കണ്ണീർ

തിരുവനന്തപുരം വെങ്ങാനൂർ, മുട്ടയ്ക്കാട് പ്രദേശങ്ങളില്‍ മഴയിൽ കനത്ത കൃഷിനാശം. 50 ഏക്കറിലേറെ സ്ഥലത്തെ കൃഷിനശിച്ചതോടെ കര്‍ഷകര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായി. ഗംഗയാര്‍ തോടിലെ മാലിന്യങ്ങള്‍ നീക്കി ആഴം കൂട്ടാത്തതാണ് വെള്ളംകയറുന്നതിന് കാരണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം കൃഷിനശിച്ചെങ്കിലും നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന് കൃഷിക്കാര്‍ പരാതിപ്പെടുന്നു.

വെങ്ങാനൂരെയും മുട്ടയ്ക്കാടെയും വയലേലകളില്‍ വെള്ളം കയറി വ്യാപക കൃഷിനാശമാണുണ്ടായത്. വാഴ, മരച്ചീനി, ചീര, വെള്ളരി എന്നിവയുടെ കൃഷി പൂര്‍ണമായി നശിച്ചു. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇവിടെ മഴക്കാലം കര്‍ഷകര്‍ക്ക് കണ്ണുനീര്‍ കാലമാണ്. വയലുകളില്‍ വെള്ളം കയറുന്നത് തടയാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കുന്നില്ല. പ്രദേശത്തുകൂടി കടന്നുപോകുന്ന ഗംഗയാര്‍ തോടില്‍ മാലിന്യം നിറഞ്ഞതാണ് വെള്ളപ്പൊക്കത്തിന് കാരണം. വെങ്ങാനൂര്‍ പഞ്ചായത്തും കോര്‍പറേഷനുമാണ് നടപടിയെടുക്കേണ്ടത്.

തുടര്‍ച്ചയായി കൃഷിനശിച്ചെങ്കിലും ഒരു സഹായവും കിട്ടിയില്ലെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കൃഷിഭവനില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതു മാത്രം മിച്ചം. ഇങ്ങനെ പോയാല്‍ കൃഷി ഉപേക്ഷിച്ച് മറ്റെന്തെങ്കിലും തൊഴിലിലേക്ക് തിരിയേണ്ടി വരുമെന്നാണ് ഈ കര്‍ഷകര്‍ വേദനയോടെ പറയുന്നത്.