വലിയവേളിയിൽ കടലാക്രമണം രൂക്ഷം; അൻപതോളം വീടുകൾ കടലാക്രമണ ഭീഷണിയിൽ

തിരുവനന്തപുരം വലിയവേളിയിൽ കടലാക്രമണം രൂക്ഷം. മൂന്ന് വീടുകളുടെ ചുറ്റുമതിലും ശൗചാലയവും കടലെടുത്തു. അൻപതോളം വീടുകൾ കടലാക്രമണ ഭീഷണിയിലാണ്.വലിയവേളിയില്‍  ഇന്നലെ രാത്രി മുതല്‍ കടല്‍ പ്രക്ഷുബ്ദമാണ്. കടൽഭിത്തി അവസാനിക്കുന്നിടത്തെ വീടുകളിലേക്കാണ് തിരയടിച്ച് കയറിയത്. വിഡിയോ റിപ്പോർട്ട് കാണാം. 

മൂന്ന് വീടുകള്‍ക്കാണ് ഇപ്പോള്‍ ഭാഗീകമായി തകരാര്‍ സംഭവിച്ചത്. എന്നാല്‍ കടലാക്രമണം തുടരുന്നതിനാല്‍ അമ്പതിലേറെ വീട്ടുകാര്‍ക്ക് ഇവിടെ താമസിക്കാനാകാത്ത അവസ്ഥയാണ്. അശാസ്ത്രീയ നിർമാണം മൂലം തീരത്തെ മണൽ കടലെടുത്തതാണ് കടലാക്രമണം രൂക്ഷമാകാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നത്. മണൽ തിരികെയെത്തിച്ചാൽ  പ്രശ്നം പരിഹരിക്കാനാകുമെന്നും പറയുന്നു. ഇറിഗേഷൻ റവന്യൂ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങിയെങ്കിലും ആശങ്കയിലാണ് നാട്ടുകാര്‍.