തരിശുനിലത്ത് കൈക്കൊയ്ത്തില്‍ വിളവെടുത്തു; കര്‍ഷകര്‍ക്ക് ആശങ്ക

കുട്ടനാട് തലവടിയിൽ കൃഷിയോഗ്യമാക്കിയ തരിശുനിലത്ത് കൈ കൊയ്ത്തിൽ വിളവെടുത്തു. കൊയ്ത്തുയന്ത്രം കിട്ടാൻ വൈകിയതും മഴ ശക്തമായതുമാണ് കൈകൊണ്ട് വിളവെടുപ്പ് നടത്താൻ കാരണം. കൊയ്ത നെല്ല് നശിച്ചുപോകുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്

യുവജന സംഘടനയുടെ കൂട്ടായ്മയില്‍  കൃഷിയോഗ്യമാക്കി തരിശുനിലത്ത് വിളവെടുപ്പ് നടന്നു തലവടി കൃഷിഭവന്‍ പരിധിയില്‍പ്പെട്ട ആനപ്രമ്പാല്‍ കണ്ടങ്കരി' കടമ്പങ്കരി തെക്ക് പാടത്താണ് കൈ കൊയ്ത്തിലൂടെ വിളവെടുത്തത്. സംഘത്തിലെ അംഗങ്ങൾക്കൊപ്പം ഇതരസംസ്ഥാന തൊഴിലാളികളും കൊയ്ത്തിനെത്തി.തലവടി പുതുമ പരസ്പര സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഇരുപതോളം യുവാക്കളാണ് തരിശ് നിലമായി കിടന്ന പാടത്തെ പുല്ലും, കാക്കപോളയും, മാലിന്യവും നീക്കം ചെയ്ത് കൃഷിക്ക് സജ്ജമാക്കിയത്. മെതിയന്ത്രത്തിന്റെ അഭാവത്തില്‍ കൊയ്‌തെടുത്ത കറ്റ റോഡില്‍ കൂട്ടിയിട്ടിരിക്കുകയാണ്. യന്ത്രം എത്തിയാല്‍ മാത്രമേ വിളവെടുപ്പ് പൂര്‍ത്തിയാക്കാന്‍ കഴിയൂ. യന്ത്രം വേഗത്തിൽ ലഭ്യമായില്ലെങ്കിൽ കൊയ്തെടുത്ത കറ്റകൾ നശിച്ചുപോകാൻ സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു

സമീപ പാടശേഖരങ്ങളില്‍ കൊയ്ത്ത് കഴിഞ്ഞതിനാലാണ് യന്ത്രം എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നത്. കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ വിളവെടുപ്പ് ഏറെക്കുറെ പൂർത്തിയായിക്കഴിഞ്ഞു