കിഫ്ബി വഴി അനുവദിച്ചത് 50 കോടി; നവീകരണമില്ലാതെ പത്തനംതിട്ടയിലെ മുനിസിപ്പൽ സ്റ്റേഡിയം

നവീകരണമില്ലാതെ പത്തനംതിട്ട ജില്ലയുടെ കായികസ്വപ്നങ്ങള്‍. കിഫ്ബി 50 കോടി അനുവദിച്ചിട്ടും രാഷ്ട്രീയ മര്യാദയില്ലായ്മയുടെ ഇരയായി നശിക്കുകയാണ് പത്തനംതിട്ട മുനിസിപ്പല്‍ സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് നവീകരണത്തിന് തടസമാകുന്നത്. തുടരുന്ന തര്‍ക്കത്തില്‍ ഇല്ലാതാകുന്നത് കായിക പ്രതിഭകളുടെ പരിശീലന സൗകര്യങ്ങളാണ്.

നവീകരണമില്ലാത്തതിന് ഓരോരോ ന്യായങ്ങള്‍ നിരത്തി അധികൃതര്‍ ഒഴിയുമ്പോള്‍ കായികപ്രതിഭകള്‍ക്കാണ് നഷ്ടം.വിശാല സൗകര്യമുള്ള കളിയിടം സംരക്ഷിക്കാന്‍ പ്രതിഷേധിച്ചും, പറഞ്ഞും മടത്തുവരാണ് പ്രഭാത നടപ്പുകാരും, വൈകുന്നേര നടപ്പുകാരും പുതുതലമുറ കായിക പ്രതിഭകളും.

കിഫ്ബി പദ്ധതിയിലൂടെ നവീകരിച്ചാല്‍ സ്റ്റേഡിയത്തിനുമേലുള്ള അധികാരം നഷ്ടമാകുമെന്നാണ്  നഗരസഭയുടെ ഭീതി. വികസനത്തിന് അനുമതി നല്‍കിയില്ലെങ്കില്‍ പദ്ധതി നഷ്ടമാകുമെന്ന് എം. എല്‍.എയും പറയുന്നു.  ചുരുക്കത്തില്‍ നടക്കുന്നത് ന്യായ അന്യായങ്ങള്‍ നിരത്തിയുള്ള ഒഴിഞ്ഞുമാറലുകള്‍ മാത്രം.