കാട്ടുപന്നി ആക്രമണം; പൊറുതിമുട്ടി റാന്നിയിലെ കര്‍ഷകര്‍

കാട്ടുപന്നി ആക്രമണത്തില്‍ പൊറുതിമുട്ടി പത്തനംതിട്ട റാന്നി മേഖലയിലെ കര്‍ഷകര്‍. വായ്പയെടുത്തും, പാട്ടത്തിനെടുത്ത ഭൂമിയിലും ഇറക്കിയ കൃഷിയാണ് കാട്ടുപന്നികള്‍ നശിപ്പിക്കുന്നത്. നിരന്തരം പരാതിപറഞ്ഞിട്ടും അധികൃതര്‍ ഒരുനടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.

ഉതിമൂട്, മന്ദിരം, കീക്കൊഴീര്‍ ഭാഗത്താണ് കാട്ടുപന്നി ആക്രമണത്താല്‍ കര്‍ഷകരും നാട്ടുകാരും പൊറുതിമുട്ടുന്നത്. പന്നികളിറങ്ങി വിള നശിപ്പിക്കുന്നത് ഈ മേഖലയില്‍ പതിവാണ്.

വിളവെടുക്കാറായ കപ്പയും, ചേമ്പും, ചേനയും വാഴയുമൊക്കെ വ്യാപകമായി നശിപ്പിക്കുന്നുണ്ട്. കര്‍ഷകര്‍ക്കുനേരെയും ആക്രമണമുണ്ടായി. വനംവകുപ്പില്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടിയെടുത്തിട്ടില്ല. ശല്യക്കാരായ പന്നികളെ വെടിവച്ചുകൊല്ലാമെന്നിരിക്കെ അതിനും തയാറാകുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.