പള്ളിപ്പുറം പാടശേഖരത്തില്‍ മടവീഴ്ച; കൈ മലർത്തി വകുപ്പും

തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറം പാടശേഖരത്തില്‍ മടവീഴ്ച.  നൂറ് ഏക്കര്‍ സ്ഥലത്തെ കൊയ്യാറായ നെല്ലാണ് നശിക്കുന്നത്. വെള്ളംവറ്റിക്കാന്‍ കര്‍ഷകര്‍ ജലസേചന വകുപ്പിന്റെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല.

കൊയ്യാറായ പാടം ഇപ്പോള്‍ ഈ നിലയിലാണ്. കഴക്കൂട്ടത്തിന് സമീപം പള്ളിപ്പുറം പാടശേഖരം മുഴുവന്‍ വെള്ളത്തിലായി.പാട മധ്യത്തു കൂടെ ഒഴുകുന്ന തോടിന്റെ അരിക് ഭിത്തികള്‍ അണ്ടൂർകോണം പഞ്ചായത്ത് കയർ ഭൂവസ്ത്രമുപയോഗിച്ച് സംരക്ഷിക്കാൻ ശ്രമിച്ചെങ്കിലും കനത്ത മഴയില്‍ ബണ്ട് തകര്‍ന്നു. നൂറ് ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷിയാണ് വെള്ളത്തിലായത്. കൊയ്ത്തിന് തൊഴിലാളികളെ കിട്ടാത്തതിനാൽ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് 29 ലക്ഷം രൂപക്ക് കൊയ്ത്ത്  മെതി യന്ത്രം വാങ്ങി നൽകിയെങ്കിലും വെള്ളം നിറഞ്ഞതില്‍  കൊയ്യാൻ കഴിഞ്ഞില്ല. വെള്ളം പമ്പുചെയ്തുകളയാന്‍ ജലസേചന വകുപ്പിന്റെ സഹായം തേടിയെങ്കിലും പ്രയോജനമുണ്ടായില്ല. 

കൊയ്യാൻ കഴിഞ്ഞില്ലെങ്കിൽ 40 ലക്ഷത്തിലേറെ രൂപയുടെ നഷ്ടം ഉണ്ടാകുമെന്ന് കർഷകർ പറയുന്നു. പാഴാകുന്ന മനുഷ്യധ്വാനം വേറെ.വര്‍ഷങ്ങളായി തരിശുകിടക്കുകയായിരുന്നു ഈ പാടശേഖരം. ത്രിതല പഞ്ചായത്തുകൾ മുൻകയ്യെടുത്തതോടെയാണ്  ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ ഇവിടെ നെൽകൃഷി പുന:രാരംഭിച്ചത്. വെള്ളം പമ്പുചെയ്തുകളഞ്ഞ് ബണ്ട് ബലപ്പെടുത്തിയാലെ ഇവിടെ കൃഷിതുടരാനാകൂ