കോവിഡ്; തിരുവനന്തപുരത്ത് ആന്റിജൻ പരിശോധന വ്യാപകമാക്കും

തിരുവനന്തപുരം ജില്ലയില്‍ കോവിഡ്–19 രോഗം കണ്ടെത്താന്‍ ആന്റിജന്‍ പരിശോധന വ്യാപകമാക്കാന്‍ തീരുമാനം. ജില്ലാപഞ്ചായത്ത് പതിനായിരം പി.പി.ഇ– ആന്‍റിജന്‍ കിറ്റുകള്‍ ജില്ലാഭരണകൂടത്തിന് കൈമാറി. അതേസമയം തീരദേശങ്ങളിലെ വലിയ ക്ലസ്റ്ററുകളില്‍ ഉള്‍പ്പടെ രോഗവ്യാപനം ഇനിയും നിയന്ത്രണവിധേയമായിട്ടില്ല

തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ 259 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കൂടുതലും തീരദേശമേഖലകളിലെ ക്ലസ്റ്ററുകളില്‍.പുതുതായി 1,172 പേർ രോഗനിരീക്ഷണത്തിലായി.13,964 പേർ വീടുകളിലും 930 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ  രോഗലക്ഷണങ്ങളുമായി 376 പേരെ പ്രവേശിപ്പിച്ചു. ആശുപത്രികളിൽ ആകെ 2,685 പേർ നിരീക്ഷണത്തിലാണ്. കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 17,579 ആയി. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 930 ആയി ജില്ലയിൽ കോവിഡ് പ്രതിരോധം കുടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് 10,000 പി.പി.ഇ-ആന്റിജൻ കിറ്റുകൾ ജില്ലാ ഭരണകൂടത്തിന് കൈമാറി.

ഇതില്‍ അയ്യായിരം പി.പി ഇ കിറ്റുകള്‍ ആരോഗ്യ പ്രവർത്തകർക്കും ആംബുലൻസ് ജീവനക്കാർക്കും ക്വാറന്റീന്‍ കേന്ദ്രങ്ങളിലുള്ളവർക്കും ഉപയോഗിക്കുന്നതിനാണ്. മലയോര, ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് കോവിഡ് പരിശോധന വ്യാപിപ്പിക്കുമെന്നും ആവശ്യമെങ്കിൽ കൂടുതൽ ആന്റിജൻ കിറ്റുകൾ ലഭ്യമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു പറഞ്ഞു. ലഭിച്ച പി.പി.ഇ കിറ്റുകൾ ആവശ്യക്കാർക്ക് ഉടൻതന്നെ കൈമാറും. ആന്റിജൻ കിറ്റുകൾ ഉപയോഗിച്ച് മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും പരിശോധനയെന്ന്  ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ അറിയിച്ചു