സമ്പര്‍ക്കവ്യാപനം രൂക്ഷം; തലസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ തീരുമാനം

സമ്പര്‍ക്കവ്യാപനം രൂക്ഷമായ തലസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടാന്‍ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. തീരദേശത്തെ പതിനെട്ടു വാര്‍ഡുകളില്‍ സൗജന്യമായി ഭക്ഷ്യകിറ്റു വിതരണം നടത്തുമെന്നു മേയര്‍.കെ.ശ്രീകുമാര്‍. തീരദേശത്തു നിയന്ത്രണം കര്‍ശനമായി തുടരുന്നു. 

്വ്യാപകമായ പരിശോധനയിലൂടെ മാത്രമേ സമ്പര്‍ക്കവ്യാപനം തടയാനാകൂ എന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തല്‍. രോഗവ്യാപനം അതി സങ്കീര്‍ണമായി തുടരുന്ന തീരദേശത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടിയെന്നാണ് ആരോഗ്യവകുപ്പിന്‍റെ അവകാശവാദം. ടെസ്റ്റുകളുടെ എണ്ണം ഇനിയും കൂട്ടണമെന്നു മേയര്‍ കെ.ശ്രീകുമാര്‍ ആവശ്യപ്പെട്ടു. നഗരസഭയിലെ പതിനെട്ട് തീരദേശവാര്‍ഡുകളില്‍ സൗജന്യഭക്ഷ്യകിറ്റു വിതരണം നടത്തും.

മുഴുവന്‍ പൊലീസുകാരും ക്വാറന്‍റീനില്‍ പോയ കിളിമാനൂര്‍ സ്റ്റേഷനില്‍ സമീപ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരം കൊണ്ടു വന്നാണ് പ്രവര്‍ത്തനം നടത്തുന്നത്. ചെങ്കല്‍ പഞ്ചായത്തിലെ ഉദയന്‍ കുളങ്ങര വാര്‍ഡിനെ കണ്‍ടൈന്‍മെന്‍റ് സോണില്‍ ഉള്‍പ്പെടുത്തി. സമീപ വാര്‍ഡുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാട്ടാക്കടയില്‍ ഗ്യാസ് ഏജന്‍സി ജീവനക്കാരന്‍ കോവിഡ് സ്ഥിരീകരിച്ചു. മറ്റു ജീവനക്കാര്‍ക്കും പരിശോധന നടത്തും. ജില്ലയിലെ കണ്‍ടൈന്‍മെന്‍റ് സോണുകള്‍ക്ക് സമീപമുള്ള വാര്‍ഡുകളിലും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.