തെൻമലയിൽ ചെന്നായ ആക്രമണം; പേവിഷബാധ; ആശങ്കയിൽ നാട്

കൊല്ലം തെന്‍മലയില്‍ കഴിഞ്ഞ ദിവസം നാട്ടുകാരെ കടിച്ച ചെന്നായ്ക്ക് പേവിഷബാധ. വന്യജീവി ശല്യം പതിവായ കിഴക്കന്‍ മേഖലയില്‍ ഇതോടെ,  ജനങ്ങള്‍ കൂടുതല്‍ ആശങ്കയിലായിരിക്കുകയാണ്. 

കഴിഞ്ഞ ശനിയാഴ്ച്ച ഇടപ്പാളയത്ത് രണ്ടു പേരെ കടിച്ച ചെന്നായയെ വനംവകുപ്പ് പിടികൂടിയിരുന്നു. പീന്നിട് ചത്ത ചെന്നായുടെ ശരീരം പാലോട് ഫോറസ്റ്റ് വെറ്റിനറി റിസര്‍ച്ച് സെന്ററില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. നായക്ക് പേവിഷബാധയുണ്ടെന്ന് കണ്ടെത്തി. ജനവാസ മേഖലയില്‍ ഇറങ്ങാറുള്ള ചെന്നായ്ക്കളും തെരുവ്നായ്ക്കളും തമ്മില്‍ കടികൂടാറുണ്ട്. ഇങ്ങനെയാകാം ചെന്നായ്ക്ക് പേ പിടിച്ചതെന്നാണ് സംശയം. 

ഒരാഴ്ചയ്ക്കുള്ളിൽ അഞ്ചു പേർക്കാണ് തെന്‍മലയില്‍ ചെന്നായ് ആക്രമണത്തിൽ പരുക്കേറ്റത്. വന്യമൃഗങ്ങൾ നാട്ടിലെത്തുമ്പോൾ ജനങ്ങളുടെ ഭീതി അകറ്റാനുള്ള ഒരു നടപടിയും വനംവകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.