എക്സല്‍ ഗ്ലാസസ് കമ്പനി; സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വാഗ്ദാനം പാഴായി

എക്സല്‍ ഗ്ലാസസ് കമ്പനി ഏറ്റെടുക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാഴായി. ആലപ്പുഴ പാതിരാപ്പള്ളിയിലെ ഫാക്ടറി കോടതി ഉത്തരവിനെതുടര്‍ന്ന് ലിക്വിഡേഷന്‍ നടപടികളിലേക്ക് കടന്നു. ആനുകൂല്യങ്ങള്‍ സംബന്ധിച്ച് തൊഴിലാളികളെ കടുത്ത ആശങ്കയിലാക്കിയാണ് കമ്പനി പാപ്പരാവുന്നത്.  

മന്ത്രി തോമസ് ഐസക്കിന്റെ ഉറപ്പും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വാഗ്ദാനവുമാണ് അടച്ചുപൂട്ടുന്നത്. ആലപ്പുഴയ്ക്ക് ഒരുകാലത്ത് തലയെടുപ്പ് നല്‍കിയ സൊമാനി ഗ്രൂപ്പിന്റെ എക്സല്‍ ഗ്ലാസസ് നിയമപരമായി പാപ്പരായി. ദേശീയപാതയോരത്തെ പതിനെട്ടേക്കര്‍ ഭൂമിയാണ് കമ്പനിയുടെ ആസ്തി. തൊഴിലാളികള്‍, കരാറുകാര്‍, കമ്പനിയെ സഹായിച്ച ധനകാര്യ സ്ഥാപനങ്ങള്‍, വിദ്യുച്ഛക്തി വകുപ്പ് എന്നിവയ്ക്കാണ് കമ്പനി പണം നല്‍കേണ്ടത്. ഇതില്‍ പ്രധാനം കെ.എസ്.ഐ.ഡി.സിയും കെഎഫ്സിയുമാണ്. 

എന്നാല്‍ മറ്റുചില സ്ഥാപനങ്ങളിലും ബാധ്യതയുണ്ടെന്ന കള്ളക്കണക്കാണ് മാനേജ്മെന്റ് ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു. ലിക്വിഡേഷന് മുന്നോടിയായി അവകാശങ്ങള്‍ സമര്‍പ്പിക്കാനുള്ള സാവകാശംപോലും തൊഴിലാളികള്‍ക്ക് ലഭിച്ചില്ലെന്നും പരാതിയുണ്ട്. പ്രതിസന്ധികളെ പലതവണ മറികടന്ന് 2012 ലാണ് എക്സല്‍ ഗ്ലാസസ് കമ്പനി എന്നന്നേക്കുമായി അടച്ചുപൂട്ടിയത്.