മാലിന്യശേഖരണ പദ്ധതി വിപുലീകരിക്കാന്‍ ഒരുങ്ങി കോര്‍പറേഷന്‍

തിരുവനന്തപുരം കോര്‍പ്പറേഷന്റെ കക്കൂസ് മാലിന്യ ശേഖരണ പദ്ധതി വിപുലീകരിക്കാന്‍ ആലോചന. മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളുന്നത് തടയാനാണ് പദ്ധതി തുടങ്ങിയത്. ഇതിനായി കൂടുതല്‍ ടാങ്കറുകള്‍ ഇറക്കാനാണ് ആലോചിക്കുന്നത്.

കക്കൂസ് മാലിന്യശേഖരണ പദ്ധതി വിപുലീകരിച്ചേക്കും കൂടുതല്‍ ടാങ്കറുകള്‍ ഇറക്കാന്‍ ആലോചന മൊബൈല്‍ ആപ്പ് വഴി മാലിന്യശേഖരണത്തിന് അപേക്ഷിക്കാം. മാലിന്യം മുട്ടത്തറയിലെ യൂണിറ്റിലെത്തിച്ച് സംസ്കരിക്കും

സ്വകാര്യ ഏജന്‍സികള്‍ കക്കൂസ് മാലിന്യം ശേഖരിച്ച് പൊതുസ്ഥലങ്ങളിലും നദികളിലും നിക്ഷേപിക്കുന്നുവെന്ന പരാതികള്‍  പതിവായതോടെയാണ് അത്തരം ടാങ്കറുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ടാങ്കറുകള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും കോര്‍പ്പറേഷന്‍റെ കീഴില്‍ ഇത്തരം ടാങ്കറുകളെ ഏകോപിപിച്ച് മാലിന്യ ശേഖരണം ആരംഭിക്കുകയും ചെയ്തു.

പ്രത്യേകം മൊബൈല്‍ ആപ്പ് വഴിയും മാലിന്യ ശേഖരണത്തിനുള്ള അപേക്ഷ നല്‍കാം. സ്മാര്‍ട്ട് ട്രിവാന്‍ട്രം എന്ന ആപ്പിലുടെ സ്ഥലവും തീയതിയും മറ്റ് വിവരങ്ങളും നല്‍കി മാലിന്യ ശേഖരണത്തിനായി ബുക്ക് ചെയ്യാം. ഓണ്‍ലൈനായി പണമടച്ച് കഴിഞ്ഞാല്‍ കൃത്യമായി മാലിന്യം ശേഖരിച്ച് മുട്ടത്തറയിലെ യൂണിറ്റിലെത്തിച്ച് സംസ്കരിക്കും. അക്ഷയാ സെന്ററിലൂടെയും അപേക്ഷ സമര്‍പ്പിക്കാം. കോര്‍പ്പറേഷന് വരുമാനം കൂടി ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതി വിജയമായതോടെ കൂടുതല്‍ ടാങ്കറുകളിറക്കി പദ്ധതി വിപുലപ്പെടുത്തുകയാണ് ലക്ഷ്യം