വാടക കുടിശ്ശിക നൽകിയില്ല; യുഐടി കോളജ് ഒഴിപ്പിക്കല്‍ ഭീഷണിയില്‍

പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊല്ലം പോരുവഴിയിലെ യുഐടി കോളജ് ഒഴിപ്പിക്കൽ ഭീഷണിയിൽ. പ്രവാസി വ്യവസായി സൗജന്യമായി നൽകിയ സ്ഥലത്ത്,, പുതിയ കെട്ടിടം പണിയാനുള്ള പദ്ധതിയും അനിശ്ചിതത്വത്തിലാണ്. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരള യൂണിവേഴ്സിറ്റിയുടെ വിദ്യാഭ്യാസ സ്ഥാപനത്തിനോടുള്ള അധികാരികളുടെ അവഗണനയില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്. 

2012ൽ ശാസ്താംകോട്ടയിൽ അനുവദിച്ച യൂണിവേഴ്സ്റ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സ്ഥല പരിമിതി മൂലം 2015ൽ പോരുവഴി പഞ്ചായത്തിന്റെ കെട്ടിടത്തിലേക്ക് മാറ്റി. തൊഴിൽ നൈപുണ്യ പരിശീലന കേന്ദ്രത്തിനായി പണിത കെട്ടിടത്തിൽ കോളജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമുണ്ടായിരുന്നില്ല.  നാലുലക്ഷത്തോളം രൂപ മുടക്കി പിടിഎ സൗകര്യങ്ങൾ ഒരുക്കി. എന്നാല്‍ വാടക രണ്ടു ലക്ഷം രൂപയോളം കുടിശികയായതിനാൽ കെട്ടിടം ഒഴിയണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് ഭരിക്കുന്ന പോരുവഴി പഞ്ചായത്ത് നോട്ടിസ് നൽകിയിരിക്കുകയാണ്. 

പ്രവാസി വ്യവസായി കെ.ആർ.ജി. പിള്ള യുഐടി കോളജിനായി മൂന്നു വര്‍ഷം മുന്‍പ് മുതുപിലക്കാട് 40 സെന്റ് സ്ഥലം യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ പേരിൽ‌ എഴുതി നൽകിയിരുന്നു. 2017ലെ സംസ്ഥാന ബജറ്റിൽ കോളജിനായി 5 കോടി രൂപ വകയിരുത്തിയതായുള്ള പ്രചരണം ജനപ്രതിനിധികളും ഭരണകക്ഷിയും നടത്തിയെങ്കിലും ഇതുവരെ ഒരു ജോലിയും ആരംഭിച്ചിട്ടില്ല.