തിരുവനന്തപുരത്ത് മൾട്ടി ലെവൽ പാർക്കിങ്; നിർമാണം അവസാന ഘട്ടത്തിൽ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫിസിലെ മൾട്ടി ലെവൽ കാർ പാർക്കിങ് നിര്‍മാണം അവസാനഘട്ടത്തിലേക്ക്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ പാര്‍ക്കിങ് സംവിധാനത്തിന്റെ പ്രവർത്തനം ഈ മാസം അവസാനത്തോടെ തുടങ്ങും. നൂറ്റിരണ്ട് കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

നഗരത്തിലെ പാർക്കിങ് പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് കോര്‍പ്പറേഷന്‍ അങ്കണത്തിൽ മൾട്ടി ലെവൽ കാർ പാർക്കിങ് സംവിധാനം ഒരുക്കിയിരിക്കുന്നത്. 5.64 കോടി രൂപ മുടക്കിയാണ് നിർമാണം. 7 നിലകളുള്ള 2 ബ്ലോക്കുകളിലായി 102 കാറുകള്‍ പാര്‍ക്ക് ചെയ്യാം. വാഹനങ്ങൾ പ്രവേശിക്കുന്നതിനുള്ള റാമ്പിന്റെ പണി കൂടി പൂർത്തിയാകുന്നതോടെ പൊതു ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. 

നഗരസഭാ ജീവനക്കാർക്ക് പാർക്കിങ് സൗജന്യമാണ്. മറ്റുള്ളവരില്‍ നിന്ന് ഈടാക്കേണ്ട തുക സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.