പൈപ്പ് കണക്ഷനായി അമിത തുക; പ്ലംബര്‍മാരുടെ ലൈസന്‍സ് റദ്ദാക്കണം

വൈക്കം ഉദയനാപുരത്ത് ജല അതോറിറ്റിയുടെ കുടിവെള്ള കണക്ഷനായി കരാര്‍ ഏറ്റെടുത്ത പ്ലംബര്‍മാര്‍ അമിതതുക ഈടാക്കിയതായി പരിശോധനയിൽ കണ്ടെത്തി. മനോരമ ന്യൂസ് വാർത്തയെ തുടർന്ന് ജല അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നേരിട്ടെത്തി നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് നടത്തിയ പ്ലംബര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് പുറമെ തട്ടിപ്പിന് കൂട്ടു നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിവേണമെന്നാണ് ആവശ്യം. 

പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കുന്നതിനാണ് പ്ലംബർമാർ അമിത തുക ഈടാക്കിയത്. 2000 മുതല്‍ 5000 രൂപ വരെ ഉപഭോക്താക്കളില്‍ നിന്ന് തട്ടിയെടുത്തു. പരാതി ഉയർന്നിട്ടും പരിശോധന നടത്താനോ നടപടിയെടുക്കാനോ വൈക്കത്തെ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. മനോരമ ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് എംഎല്‍എ സി.കെ. ആശയുടെ ഇടപെടലാണ് അന്വേഷണത്തിന് കളമൊരുക്കിയത്. സംഭവം ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തില്‍ പണപിരിവിനെ ഉദ്യോഗസ്ഥരും പ്ലംബര്‍മാരും ന്യായീകരിച്ചതോടെ എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ നേരിട്ട് പരിശോധന നടത്തി. തുറുവേലിക്കുന്ന് പുത്തൻപാലം മേഖലയില്‍ നടത്തിയ പരിശോധനയില്‍ പ്ലംബര്‍മാര്‍ പണം കൈപ്പറ്റിയതായി ഉപഭോക്താക്കള്‍ വിശദീകരിച്ചു. 

അന്വേഷണത്തിന് ശേഷമുള്ള തുടര്‍ നടപടികളുടെ ഭാഗമായി പ്ലംബര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. പ്ലംബര്‍മാര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയെങ്കിലും തട്ടിപ്പില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ പങ്കും പ്രകടമാണെന്ന് നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ നടപടിയുണ്ടായാല്‍ സമരം ശക്തമാക്കാനാണ് തീരുമാനം.