സമരം ചെയ്തവരെ കള്ളക്കേസിൽ കുടുക്കുന്നെന്ന് പരാതി; ചിതറയിൽ ക്വാറിക്കെതിരെ പ്രതിഷേധം

കൊല്ലം ചിതറയില്‍ പുതിയതായി ആരംഭിക്കുന്ന പാറ ക്വാറിക്കെതിരെ സമരം ചെയ്തവരെ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നതായി പരാതി. ക്വാറി ഉടമയുടെ രാഷ്ട്രീയ, പൊലീസ് സ്വാധീനമാണ് നാട്ടുകാരെ കള്ളക്കേസില്‍ കുടുക്കുന്നതിന് കാരണമെന്നാണ് ആക്ഷേപം.

ചിതറ പഞ്ചായത്തിൽ നിലവില്‍ എട്ടു പാറക്വാറികള്‍ പ്രവർത്തിക്കുന്നുണ്ട്. അപ്പുപ്പൻ പാറയിൽ പുതിയ ക്വാറിക്ക് അനുമതി തേടിയുള്ള അപേക്ഷ പഞ്ചായത്തിന്റെ പരിഗണനയിലാണ്. പുതിയ ക്വാറി ആരംഭിക്കുന്നതിനെതിരെ നാട്ടുകാര്‍ പ്രതിഷേധിച്ചു. ഇവരെ കടയ്ക്കല്‍ പൊലീസ് കള്ളക്കേസില്‍ കുടുക്കുന്നുവെന്നാണ് ആക്ഷേപം. ക്വാറിക്ക് സ്ഥലം വിട്ടു നല്‍കിയ ഉടമയെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.

കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് സമിതി ക്വാറിക്കുള്ള അപേക്ഷ ചർച്ചയെക്കെടുത്തെങ്കിലും ചില അംഗങ്ങളുടെ എതിർപ്പിനെ തുടർന്ന് തീരുമാനത്തിലെത്തിയില്ല. പുതിയ ക്വാറിക്ക് അനുമതി നൽകിയാൽ പഞ്ചായത്തിനു മുന്നിൽ അനിശ്ചിതകാല സമരം ആരംഭിക്കാനാണ് നാട്ടുകാരുടെ തീരുമാനം.