കൊല്ലം വെളിയത്ത് ആരോഗ്യ ഭീഷണി ഉയര്‍ത്തി വെളളക്കെട്ട്; ഓട മണ്ണിട്ട് നികത്തി

കൊല്ലം വെളിയം കെഎസ്ഇബി ഓഫിസിന് എതിർവശമുള്ള വെള്ളക്കെട്ട് രോഗ ഭീഷണി ഉയര്‍ത്തുന്നു. ഓട സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതാണു വെള്ളക്കെട്ടിന് കാരണമെന്നാണ് പരാതി. സമീപത്തെ കോഴിഫാമിലെ മാലിന്യം വെള്ളക്കെട്ടിേലക്ക് ഒഴുക്കുന്നതായും ആക്ഷേപമുണ്ട്.

മഴ പെയ്യണമെന്നില്ല. വെളിയം ജംക്്ഷന് തൊട്ടടുത്തുള്ള ഓലിക്കര ഏലായിൽ മിക്കപ്പോഴും വെള്ളക്കെട്ടാണ്. ഇതിലേക്ക് സമീപത്തെ കോഴി ഫാമില്‍ നിന്നു മാലിന്യം കൂടി ഒഴുകി എത്തുന്നതോടെ പ്രദേശമാകെ ദുര്‍ഗന്ധം വമിക്കും. മേഖലയിലെ ഒട്ടേറെ വീടുകളിലെ കിണറും മലിനമായി കൊണ്ടിരിക്കുകയാണ്.

നീരൊഴുക്ക് സുഖമമാക്കണമെന്ന് ആവശ്യപ്പെട്ട് വെളിയം പഞ്ചായത്തിനും ഡിഎംഒയ്ക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.ജില്ലാ കലക്ടർക്കും കൊട്ടാരക്കര തഹസിൽദാർക്കും ആരോഗ്യ വകുപ്പിനും നൽകി പരാതിയിലാണ് നാട്ടുകാരുടെ പ്രതീക്ഷ.