ടാറിങ് നടത്തി; മണിക്കൂറുകൾക്കകം റോഡ് പൊളിഞ്ഞു; കരാറുകാരൻ തടിതപ്പി

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കൊട്ടാരക്കര – ഭരണിക്കാവ് റോഡ്  ടാറിങ് കഴിഞ്ഞ് മണിക്കൂറുകൾക്കകം ഇളകി. നാട്ടുകാര്‍ ജോലി തടഞ്ഞതോടെ വീണ്ടും ടാറിങ് നടത്തി കരാറുകാരന്‍ തടിതപ്പി. രണ്ടു വര്‍ഷമായി തുടരുന്ന റോഡിന്റെ നിര്‍മാണത്തെപ്പറ്റി വ്യാപക പരാതികളുണ്ട്.

ടാറിങ് പൂര്‍ത്തിയാക്കി ജോലിക്കാര്‍ മടങ്ങുന്നതിന് മുന്‍പ് തന്നെ റോഡ് പൊളിഞ്ഞു. കൊട്ടാരക്കര - ഭരണിക്കാവ് റോഡില്‍ കുന്നത്തൂർ ആറ്റുകടവ് ജംഗ്ഷനിലെ ടാറിങ്ങാണ് ഇളകിയത്. കിഫ്ബിയില്‍ നിന്നു 22 കോടി മുടക്കി നവീകരിക്കുന്ന റോഡാണ് ടാറിങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് അകം പൊളിഞ്ഞത്. അശാസ്ത്രീയ നിര്‍മാണം നാട്ടുകാര്‍ ചുണ്ടിക്കാട്ടിയപ്പോള്‍ ഉദ്യോഗസ്ഥര്‍ തട്ടിക്കയറിയെന്നും ആരോപണമുണ്ട്. 

കഴിഞ്ഞ രണ്ട് വർഷമായി റോഡ് പൊളിച്ചിട്ടിരിക്കുകയാണ്. കുണ്ടും കുഴിയുമായി കിടക്കുന്ന റോഡിൽ ഗതാഗതം അസാധ്യമാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും നിര്‍മാണം ഇഴയുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പ്രധാന റോഡല്ല മറിച്ച് നാട്ടുകാരുടെ നിർബന്ധപ്രകാരം ഇടറോഡില്‍ അധികമായി ചെയ്ത ടാറിങ്ങാണ് പൊളിഞ്ഞതെന്നാണ്  ഉദ്യോഗസ്ഥരുടെ വിശദീകരണം.