കോണ്‍ഗ്രസ് ഭരിക്കുന്ന കൊല്ലം ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമതിയില്‍ പോര് മുറുകുന്നു. വായ്പ അടച്ചു തീര്‍ത്തിട്ടും ഇടപാടുകാര്‍ക്ക് ഈട് നല്‍കിയ രേഖകള്‍ മടക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച് ഭരണസമിതിയിലെ ഒരു വിഭാഗം ബാങ്ക് സെക്രട്ടറിയെ ഉപരോധിച്ചു. 

അഞ്ചല്‍ ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സമിതിയില്‍ കോണ്‍ഗ്രസുകാര്‍ മാത്രമേയുള്ളു. പതിനൊന്ന്  അംഗ ഭരണസമിതിയിലെ അഞ്ചുപേരാണ് കഴിഞ്ഞ ദിവസം ബാങ്ക് െസക്രട്ടറിയെ ഉപരോധിച്ചത്. വായ്‌പ അടച്ചുതീർത്തവര്‍ക്ക് ആധാരം ഉള്‍പ്പടെയുള്ള രേഖകള്‍ മടക്കി നല്‍കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിേഷധം. അഞ്ചു മണിക്കൂറിലധികം നീണ്ട സമരം പൊലീസിന്റെ സാനിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അവസാനിപ്പിച്ചത്.

ഇടമുളയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. രജിസ്റ്റാര്‍ ഇടപെട്ട് ബാങ്ക് ഭരണസമിതി പിരിച്ചു വിട്ടിരുന്നു. വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയെങ്കിലും കോണ്‍ഗ്രസിന്റെ പാനല്‍ തന്നെ വിജയിച്ചു.