കൊല്ലം നഗരസഭയിൽ നേതൃമാറ്റം; മേയർ സ്ഥാനം സിപിഐയ്ക്ക്

എല്‍ഡിഎഫ് ഭരിക്കുന്ന കൊല്ലം നഗരസഭയില്‍ നേതൃമാറ്റം. മുന്‍ധാരണ പ്രകാരം സിപിഎമ്മും സിപിഐയും മേയര്‍,ഡെപ്യൂട്ടിമേയര്‍ പദവികള്‍ വെച്ചുമാറും. പുതിയ മേയറെപ്പറ്റി സിപിഐയില്‍ ധാരണയായിട്ടില്ല. 

അന്‍പത്തിയഞ്ചംഗ നഗരസഭ കൗണ്‍സിലില്‍ ഇടതുമുന്നണിക്ക് മൃഗീയ ഭൂരിപക്ഷമാണ്. മുന്‍ധാരണ പ്രകാരം 26 അംഗങ്ങളുള്ള സിപിഎമ്മിനായിരുന്നു ആദ്യ നാലു വര്‍ഷം മേയര്‍സ്ഥാനം. വി.രാജേന്ദ്രബാബു അധികാരമേറ്റിട്ട് കഴിഞ്ഞ തിങ്കളാഴ്ച്ച നാലു വര്‍ഷം തികഞ്ഞു. ഈ ആഴ്ച്ച തന്നെ രാജേന്ദ്രബാബു മേയര്‍ സ്ഥാനം രാജിവെയ്ക്കും.

പതിനൊന്ന് അംഗങ്ങളുള്ള സിപിഐയ്ക്കാണ് ഇനി കൊല്ലം നഗരസഭയുടെ അധ്യക്ഷപദവി. ഔദ്യോഗിക ചര്‍ച്ചകള്‍ ഇതുവരെ പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടില്ല. മുന്‍മേയര്‍ ഹണി ബഞ്ചമിൻ, നിലവിലെ ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാൻസിസ്, കടപ്പാക്കട കൗണ്‍സിലര്‍ എന്‍.മോഹനന്‍,ഭരണിക്കാവ് കൗണ്‍സിലര്‍ ജെ.സൈജു എന്നിവരെയാണ് പരിഗണിക്കുന്നത്. മേയര്‍ സ്ഥാനം സിപിഐയ്ക്ക് വിട്ടു നല്‍കുന്നതിന് പകരം ഡെപ്യൂട്ടി േമയര്‍ പദവി സിപിഎം ഏറ്റെടുക്കും.