കവടിയാറില്‍ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച; പരാതിയുമായി 65 കുടുംബങ്ങള്‍

തിരുവനന്തപുരം കവടിയാറില്‍ 65 വീട്ടുകാര്‍ക്ക് കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച്ച. കവടിയാര്‍ ബെല്‍ഹെവന്‍ ഗാര്‍ഡന്‍ കോളനിയിലെ വീട്ടുകാരാണ് രാത്രിയില്‍ വല്ലപ്പോഴുമെത്തുന്ന കുടിവെളളത്തിനായി ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുന്നത്. ബെല്‍ഹെവന്‍ ഗാര്‍ഡന്‍ കോളനിയിലേക്ക് കൂടുതല്‍ വെള്ളം നല്‍കിയാല്‍ പൊലീസ് ആസ്ഥാനമടക്കം പലയിടത്തും വെള്ളം മുടങ്ങുമെന്നാണ് ജല അതോറിറ്റിയുടെ വാദം. 

തിരുവനന്തപുരം നഗരത്തിലെ പ്രമുഖര്‍ പലരും താമസിക്കുന്നയിടമാണ് ബെല്‍ഹെവന്‍ ഗാര്‍ഡന്‍. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു പിരിഞ്ഞവരാണ് ഏറെയും. അറുപതോളം താമസക്കാരുള്ള ഇവിടെ നാലുവര്‍ഷമായി അടിക്കടി കുടിവെള്ളം മുടങ്ങാറുണ്ട്. കുഴല്‍ കിണറില്‍ നിന്ന് ലഭിക്കുന്ന വെള്ളം പിടിച്ചുവെച്ചാണ് പലപ്പോഴും ഉപയോഗിക്കുന്നത്. 

മുന്‍പ് ദ്വൈമാസ ചാര്‍ജായി മുന്നൂറ് രൂപ നല്‍കിയിരിക്കുന്നവര്‍ക്ക് ഇപ്പോള്‍ പന്ത്രണ്ടായിരം രൂപ വരെ കുടിവെളളത്തിന് മുടക്കേണ്ടി വരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഇല്ലാതായതോടെ പലരും താമസം മാറി. അതേസമയം, കവടിയാര്‍ ഭാഗത്തെ  റോഡ് നിര്‍മാണത്തിനിടെ വാട്ടര്‍ അതോറിറ്റിയുടെ ഏഴ് വാല്‍വുകള്‍ റോഡിനുള്ളില്‍ ആയതാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് ജല അതോറിറ്റി അധികൃതര്‍ പറയുന്നത്.