ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി മാജിക് പ്ലാനറ്റില്‍ ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍

ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി തിരുവനന്തപുരം മാജിക് പ്ലാനറ്റില്‍ ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍ തുറന്നു. വിവിധ കലകള്‍ പഠിപ്പിക്കാനും അവതരിപ്പിക്കാനുള്ള സ്ഥിരം വേദിയാണ് ഇത്. കുട്ടികളുടെ വര്‍ണശബളമായ കലാപരിപാടികളോടെയായിരുന്നു സെന്‍ററിന്‍റെ ഉദ്ഘാടനം.

ഡിഫറന്‍റ് ആര്‍ട് സെന്‍ററ്‍ ഉദ്ഘാടനത്തിനെത്തിയവരെയെല്ലാം കാത്തിരുന്നത് നൃത്ത–സംഗീതവിരുന്നാണ്. ഉദ്ഘാടകനായ മുഖ്യമന്ത്രി കൂടി പരിപാടികള്‍ കാണാനെത്തിയതോടെ കൊച്ചു കൂട്ടുകാര്‍ ഒന്നൂകൂടെ ഉഷാറായി. ഏഴ് വേദികളിലായി അരങ്ങേറിയ കലാപരിപാടികളെല്ലാം കണ്ടശേഷമാണ് മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും സ്പീക്കറും ഉദ്ഘാടനം ചെയ്യാനായി വേദിയില്‍ കയറിയത്. സെന്‍ററിന് മുന്‍വശത്തുള്ള വീല്‍ചെയറിലെ ചക്രങ്ങള്‍ സ്വിച്ച് ഒാണ്‍ ചെയ്താണ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. 

ഭിന്നശേഷിക്കാരായ കുട്ടികളെ പരിപാലിക്കേണ്ടതിന്‍റെ ശാസ്ത്രീയ വശങ്ങള്‍ പ്രതിപാദിക്കുന്നതിനായി വിമാനമാതൃകയില്‍ തയാറാക്കിയിരിക്കുന്ന ഡിഫറന്‍റ് തോട്ട് സെന്‍റര്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും നിര്‍വഹിച്ചു. സര്‍ക്കാരിന്‍റെ ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന ആശയത്തെ മുന്‍നിര്‍ത്തിയാണ് ഡിഫറന്‍റ് ആര്‍ട് സെന്‍റര്‍ വിഭാവനം ചെയ്തിരിക്കുന്നത്