ആനപ്പാറ കോളനിയില്‍ കുടിവെള്ളം മുടങ്ങിയിട്ട് രണ്ടാഴ്ച; ദുരിതം

തിരുവനന്തപുരം മലയിന്‍കീഴ് ആനപ്പാറ കോളനിയില്‍ കുടിവെള്ളമെത്തിയിട്ട് രണ്ടാഴ്ചയായി. ഇതോടെ പണം കൊടുത്ത് വെള്ളം വാങ്ങേണ്ട ഗതികേടിലാണ് ഒട്ടേറെ കുടുംബങ്ങള്‍. പ്രദേശത്തെ സ്കൂളുകളുടെ പ്രവര്‍ത്തനവും പ്രതിസന്ധിയിലായി. കുടിവെള്ള പദ്ധതിയിലെ മോട്ടര്‍ തകരാറിലായതാണ് നാട്ടുകാരെ വലയ്ക്കുന്നത്. 

നേരെചൊവ്വേ നടക്കാനുള്ള ആരോഗ്യംപോലുമില്ല എശിരിയമ്മയ്ക്ക്. ഇപ്പോള്‍ കുടിവെള്ളം വേണമെങ്കില്‍ കുടവും തൂക്കി കിലോമീറ്ററുകള്‍ നടക്കേണ്ട ഗതികേടിലാണ്. ആനപ്പാറ കോളനിയിലെ മുപ്പതോളം കുടുംബത്തിന്റെ ഏക ആശ്രയം വല്ലപ്പോഴുമെത്തുന്ന ടാങ്കറിലെ വെള്ളമാണ്. വീട്ടുകാര്‍ മാത്രമല്ല, സ്ഥലത്തെ സ്കൂള്‍ മുതല്‍ വൃദ്ധസദനം വരെ അടച്ചിടേണ്ട അവസ്ഥയാണ് കുടിവെള്ളക്ഷാമം മൂലമുണ്ടായിരിക്കുന്നത്.

ഇടവിട്ട മഴപെയ്യുന്ന ഈ തുലാമഴക്കാലത്ത് കോളനിയിലെ കൊടും വരള്‍ച്ചയ്ക്ക് കാരണം കുടിവെള്ള പദ്ധതിയിലെ തകരാര്‍ പരിഹരിക്കുന്നതില്‍ വാട്ടര്‍ അതോറിറ്റി വരുത്തുന്ന കാലതാമസമാണ്. മോട്ടര്‍ കേടായി പന്ത്രണ്ട് ദിവസമായിട്ടും ഉദ്യോഗസ്ഥര്‍ അറിഞ്ഞഭാവം കാണിക്കുന്നില്ല. പരാതി പറഞ്ഞവരോടെല്ലാം വെള്ളം വേണമെങ്കില്‍ മറ്റെന്തെങ്കിലും വഴി നോക്കിക്കോളാനാണ് ഉപദേശം.  സമീപത്തുള്ള കാളിപ്പാറശുദ്ധജല പദ്ധതിയില്‍ നിന്നു വെള്ളമെത്തിച്ചില്ലങ്കില്‍ സമരം ചെയ്യാനാണ് കോളനിക്കാരുടെ തീരുമാനം.