ജെ സി ഡാനിയേലിന്‍റെ പ്രതിമ സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു

മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയലിന്‍റെ പ്രതിമ കോട്ടയത്ത് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം തുടരുന്നു. സ്ഥലം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനം പറയാമെന്ന് കോട്ടയം നഗരസഭ അറിയിച്ചു. കോട്ടയത്ത് ഇടം ലഭിച്ചിലെങ്കില്‍ പ്രതിമ ഈരാറ്റുപേട്ടയില്‍ സ്ഥാപിക്കാനാണ് പി.സി. ജോര്‍ജ് എംഎല്‍എയുടെ തീരുമാനം. 

സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി അവഗണിച്ചതോടെ കുടുംബാംഗങ്ങളും ഫൗണ്ടേഷനും ചേര്‍ന്നാണ് ജെ.സി. ഡാനിയലിന്‍റെ പ്രതിമ നിര്‍മിച്ചത്. 

മലയാളത്തിലെ ആദ്യത്തെ നിശബ്ദ സിനിമയായ വിഗതകുമാരന്‍റെ പ്രദര്‍ശനം നടന്ന നവംബര്‍ ഏഴിന് പ്രതിമ നാടിന് സമര്‍പ്പിച്ചു. എന്നാല്‍ പ്രതിമ സ്ഥാപിക്കാനുള്ള ഇടത്തെ സംബന്ധിച്ച് തീരുമാനമായില്ല. ചങ്ങനാശേരിയാണ് ജെ.സി. ഡാനിയലിന്‍റെ ജന്മനാട്. അതുകൊണ്ട് പ്രതി കോട്ടയത്ത് സ്ഥാപിക്കാനാണ് കുടുംബാംഗങ്ങളുടെയും ആഗ്രഹം. കോട്ടയം നഗരത്തില്‍ സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയ്ക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇതില്‍ ഒരാഴ്ചക്കുള്ളില്‍ തീരുമാനമില്ലെങ്കില്‍ പ്രതിമ ഈരാറ്റുപേട്ടയില്‍ സ്ഥാപിക്കാനാണ് ആലോചന.

കോട്ടയത്ത് നടന്ന ചടങ്ങില്‍ പി.സി. ജോര്‍ജ് എംഎല്‍എ പ്രതിമ അനാച്ഛാദനം ചെയ്തു. ചടങ്ങിന് ശേഷം വാഹനത്തില്‍ പ്രതിമയുമായി നഗരംചുറ്റി 

പ്രദക്ഷിണവും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണവും നല്‍കി. രണ്ട് ലക്ഷത്തിലേറെ രൂപ ചെലവാക്കി സിമന്‍റിലാണ് പ്രതിമ നിര്‍മിച്ചത്. കാരാപ്പുഴ ഷാജി വാസനാണ് ശില്‍പി. നഗരസഭയുടെ തീരുമാനം അറിയുന്നതുവരെ പ്രതിമ കോട്ടയം പബ്ലിക് കോളജില്‍ സൂക്ഷിക്കും.