എച്ച്എന്‍എല്ലിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വെള്ളൂര്‍ എച്ച്എന്‍എലിനെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഭൂനിയമം ലംഘിച്ച കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കോട്ടയം ജില്ലാ കലക്ടറെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കമ്പനിക്ക് നല്‍കിയ എഴുനൂറ് ഏക്കര്‍ ഭൂമി തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഇന്ന് നോട്ടിസ് നല്‍കും. 

തൊഴിലാളികള്‍ക്ക് ശമ്പളവും നിഷേധിച്ച് നഷ്ടത്തിലോടുന്ന എച്ച്എന്‍എല്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ട് നാളുകളേറെയായി. കമ്പനി സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് കഷ്ടകാലം തുടങ്ങിയത്. ഒരുഘട്ടത്തില്‍ കമ്പനി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായെങ്കിലും ഭൂമി വിട്ടു നല്‍കാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഭൂമി സംസ്ഥാന സര്‍ക്കാരിന്‍റേതാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കർശന വ്യവസ്ഥകളോടെയാണ് എച്ച്എൻഎല്ലിനു 700 ഏക്കർ ഭൂമി സര്‍ക്കാര്‍ കൈമാറിയത്. സ്ഥാപനം അടച്ചുപൂട്ടരുത്, കൈമാറ്റം ചെയ്യരുത് മറ്റാവശ്യങ്ങള്‍ക്കായി ഭൂമി വിനിയോഗിക്കരുത് എന്നിവയായിരുന്നു നിബന്ധനകള്‍. ഇതിലേതെങ്കിലും ലംഘിച്ചാല്‍ ഭൂമി തിരിച്ചുപിടിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഭൂനിയമം ലംഘിച്ചത് കണ്ടെത്തിയതോടെയാണ് സര്‍ക്കാര്‍ നടപടിയിലേക്ക് നീങ്ങുന്നത്. 

ഭൂമി മറ്റ് ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് അയക്കുക. ഭൂമി തിരിച്ചു നൽകണമെന്നു സംസ്ഥാന സർക്കാർ നാഷനൽ കമ്പനി ലോ ബോർഡ് ട്രിബ്യൂണൽ ഹിയറിങ്ങിൽ ആവശ്യപ്പെടും. കമ്പനിയുടെ ആസ്തി കഴിഞ്ഞ ദിവസം ആർഐഎബി ഉദ്യോഗസ്ഥർ മൂല്യനിർണയം നടത്തിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോർട്ടും ആർഐഎബി ഹിയറിങ്ങിൽ സമർപ്പിക്കും. 430 കോടി രൂപയാണ് കമ്പനിയുടെ ബാധ്യതയെന്ന് പരിശോധനയില്‍ കണ്ടെത്തി. വായ്പയിനത്തില്‍ 200 കോടി തിരിച്ചടയ്ക്കാനുള്ള കമ്പനി ജീവനകാര്‍ക്ക് നല്‍കാനുള്ളത് നൂറ് കോടിയിലേറെ രൂപയാണ്.