ജെ.സി. ഡാനിയലിനോട് സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണന

മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയലിനോട് സംസ്ഥാന സര്‍ക്കാരിന്‍റെ അവഗണന. പ്രതിമ സ്ഥാപിക്കണമെന്ന ആവശ്യം അവഗണിച്ച സര്‍ക്കാര്‍, നിര്‍മിച്ച പ്രതിമ സ്ഥാപിക്കാനുള്ള സ്ഥലം നല്‍കാനും തയ്യാറായില്ല. സര്‍ക്കാരുകള്‍ അവഗണിച്ചതോടെ ജെസി ഡാനിയല്‍ ഫൗണ്ടേഷന്‍ നിര്‍മിച്ച പ്രതിമ ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയത്ത് അനാച്ഛാദനം ചെയ്യും.

മലയാളത്തിലെ ആദ്യത്തെ നിശബ്ദ സിനിമയായ വിഗതകുമാരന്‍റെ ശില്‍പിയാണ് ജെ.സി. ഡാനിയല്‍. അദ്ദേഹത്തിന്‍റെ സ്മരണാര്‍ഥം പ്രതിമ നിര്‍മിക്കണമെന്ന ആവശ്യം സര്‍ക്കാരിന് മുന്‍പില്‍ എത്തിയിട്ട് പത്ത് വര്‍ഷത്തിലേറെയായി. വിവിധ സര്‍ക്കാരുകള്‍ പണമില്ലെന്നുള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ് ആവശ്യം തള്ളി. ഒടുവില്‍ കുടുംബാംഗങ്ങളും ജെസി ഡാനിയല്‍ ഫൗണ്ടേഷനും ചേര്‍ന്ന് അഞ്ച് ലക്ഷം രൂപ മുടക്കി പ്രതിമ നിര്‍മിച്ചു. ഇത് സ്ഥാപിക്കാനുള്ള ഇടം തേടിയായി തുടര്‍ന്നുള്ള നടത്തം. സ്ഥലം കണ്ടെത്തി നല്‍കാനും സര്‍ക്കാരിനായില്ല.

നിര്‍മാണം പൂര്‍ത്തിയായ പ്രതിമ കോട്ടയതെത്തിച്ചു. ചങ്ങനാശേരിയിലായിരുന്നു ജെ.സി. ഡാനിയലിന്‍റെ ജനനം. അതുകൊണ്ട് അക്ഷരനഗരിയില്‍ തന്നെ പ്രതിമ സ്ഥാപിക്കാനാണ് കുടുംബാംഗങ്ങളുടെയും ആഗ്രഹം. കോട്ടയം സുവര്‍ണ ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനാച്ഛാദന ചടങ്ങിന് മുന്‍പ് പ്രതിമ സ്ഥാപിക്കേണ്ട ഇടത്തെ സംബന്ധിച്ച് തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.