കാട്ടാന ശല്യത്തില്‍ പൊറുതിമുട്ടി കോരുത്തോട്

കാട്ടാനശല്യത്തില്‍ പൊറുതിമുട്ടിയ കോരുത്തോട് കണ്ടങ്കയം സ്വദേശികളെ കൂടുതല്‍ ദുരിതത്തിലാക്കി വനം, റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ. കാട്ടാനയെ പ്രതിരോധിക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത ഉദ്യോഗസ്ഥര്‍ നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാന്‍ മടിക്കുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ കാട്ടാനശല്യത്തില്‍ ഇരുനൂറിലേറെ കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. 

കോരൂത്തോട്ടിലെ കണ്ടങ്കയം, പട്ടാളകുന്ന, പെരുവന്താനം പഞ്ചായത്തില്‍പ്പെട്ട മൂഴിക്കല്‍, പാറാന്തോട് എന്നിവിടങ്ങളിലാണ് കാട്ടാനക്കൂട്ടം രണ്ട് മാസമായി വിലസുന്നത്. ഇവിടുത്തെ താമസക്കാരിലേറെയും കുടിയേറ്റ കര്‍ഷകരാണ്. തെങ്ങും, വാഴയും കൊക്കോയും കുരുമുളകുമടക്കം കൃഷിച്ചെയുന്നത് എണ്ണിയാല്‍ ഒടുങ്ങാത്ത വസ്തുക്കള്‍. വര്‍ഷങ്ങളായുള്ള ഇവരുടെ കഠിനാധ്വാനമാണ് കാട്ടാനക്കൂട്ടത്തിന്‍റെ കലിയില്‍ നശിച്ചത്.  ഏറ്റവും കുറഞ്ഞത് ഒരു ലക്ഷം രൂപയുടെ നഷ്ടം ഓരോ കര്‍ഷകര്‍ക്കും ഉണ്ടായിട്ടുണ്ട്. 

രണ്ട് മാസത്തിനിടെ കാട്ടാനക്കൂട്ടം പ്രദേശത്ത് എത്തിയത് ഒരുഡസനിലേറെ തവണയാണ്. കഴിഞ്ഞ ആഴ്ചമുതള്‍ കാട്ടാനക്കൂട്ടം നാട്ടിലെത്തുന്നത് പതിവാക്കി അതും രാപ്പകല്‍ വ്യത്യാസമില്ലാതെ. ഇരുനൂറേക്കറിലെ കൃഷി നശിച്ചെങ്കിലും നഷ്ടപരിഹാരമായി ചില്ലികാശ് കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചതാകട്ടെ നാമമാത്രമായ തുകയും. 

പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗമായ ശബരിമല വന മേഖലയില്‍ നിന്നും അഴുതയാര്‍ നീന്തിയാണ് ആനകള്‍ ജനവാസമേഖലകളിലെത്തുന്നത്. ഇത് തടയാന്‍ കിടങ്ങുകളും വൈദ്യതി വേലികളും സ്ഥാപിക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ മന്ദഗതിയിലാണ്.