കോടതിസമുച്ചയത്തിനുളള ഭൂമി തിരികെ വേണമെന്ന് നഗരസഭ; പദ്ധതി അനിശ്ചിതത്വത്തില്‍

തിരുവല്ലയില്‍ കോടതിസമുച്ചയത്തിനായി വിട്ടുനല്‍കിയ ഭൂമിയുടെ പകുതി തിരികെവേണമെന്ന ആവശ്യവുമായി നഗരസഭ. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് വകുപ്പിന് നഗരസഭ കത്ത് നല്‍കി. ഇതോടെ പത്തുവര്‍ഷംമുന്‍പ് തുടങ്ങിവച്ച കോടതിസമുച്ചയ പദ്ധതിയു‌ടെ നിര്‍മാണം അനിശ്ചിതത്വത്തിലായേക്കും.

തിരുവല്ല തിരുമൂലപുരത്ത് നഗരസഭയു‌ടെ മൂന്നേക്കര്‍ ഭൂമിയുടെ പകുതിഭാഗമാണ് കോടതിസമുച്ചയത്തിനായി നേരത്തെ വിട്ടുനല്‍കിയത്. പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് കൈമാറിയ ഭൂമിയില്‍ 24കോടിയുടെ പദ്ധതിക്ക് തുടക്കം കുറിക്കുകയുംചെയ്തു. ശിലാസ്ഥാപനംകഴിഞ്ഞ് നിര്‍മാണവും ആരംഭിച്ചു. എന്നാല്‍ , വിട്ടുനല്‍കിയ ഒന്നരയേക്കറിന്‍റെ പകുതിഭാഗം തിരികെവേണമെന്നാണ് നഗരസഭയുടെ ഇപ്പോഴത്തെ ആവശ്യം. എംസിറോഡിന്‍റെയും ഇരുവെള്ളിപ്ര റോഡിന്‍റയും ചേര്‍ന്നുളള ഭാഗത്ത് കെട്ടിടംനിര്‍മിക്കാന്‍ ഭൂമി ആവശ്യമെന്നാണ് നഗരസഭയുടെ വാദം. നഗരസഭ കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനമെടുത്ത്, ഭൂമിതിരികെ വേണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് കത്തുംനല്‍കി. 

എട്ടുനിലകളുളള കോടതിസമുച്ചയമാണ് പ്ലാനിലുള്ളത്. പൈലിങ് ജോലികളും ആരംഭിച്ചിരുന്നു. എന്തായാലും, പത്ത് വര്‍ഷംമുന്‍പ് തുടങ്ങിവച്ച പദ്ധതി, നഗരസഭയുടെ പുതിയ തീരുമാനത്തിലൂടെ തുലാസിലാകുമോയെന്ന് കണ്ടറിയാം.