തെരുവ് നായ ആക്രമണം; പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ

കൊല്ലം കടയ്ക്കാമണ്ണില്‍ ഗര്‍ഭിണി ഉള്‍പ്പെടെ പത്തു പേരെ തെരുവ് നായ ആക്രമിച്ചു. ആക്രമണത്തില്‍ മുഖത്ത് സാരമായി പരുക്കേറ്റ ഒന്നാം ക്ലാസുകാരന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. തെരുവ് നായകളുടെ ശല്യത്തെപ്പറ്റി പലതവണ പരാതി പറഞ്ഞിട്ടും പിറവന്തൂര്‍ പഞ്ചായത്ത് അധികാരികള്‍ ഒരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 

പത്തനാപുരം കടയ്ക്കാമണ്‍ അംബേദ്കര്‍ കോളനിയിലെ പത്തു പേരെയാണ് ഒരേ ദിവസം തെരുവ് നായ ആക്രമിച്ചത്. ഗര്‍ഭിണിയായ കാര്‍ത്തികയ്ക്ക് നേരയാണ് ആദ്യം ആക്രമണമുണ്ടായത്. 

കൂട്ടുകാരുമൊത്ത് കളിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരനായ അമലിനെയും വിഷ്ണുവിനെയും ഇതേ നായ തന്നെ കടിച്ചു. ഇവരെ ആശുപത്രിയിലാക്കി മടങ്ങി വന്ന അമലിന്റെ അപ്പുപ്പന്‍ തങ്കപ്പനെയും തെരുവ് നായ വെറുതെ വിട്ടില്ല.  തെരുവ് നായ്ക്കളെ ഭയന്ന് വടിയുമായാണ് ജനങ്ങളിപ്പോള്‍ വീടിന് പുറത്തിറങ്ങുന്നത്. പ്രശ്നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ പിറവന്തൂര്‍ പഞ്ചായത്ത് ഓഫിസ് ഉപരോധിക്കാനാണ് അംബേദ്കര്‍ കോളനി നിവാസികളുടെ തീരുമാനം.