കൊല്ലം മൺറോത്തുരുത്തിൽ ശക്തമായ വേലിയേറ്റത്തില്‍ വ്യാപക നാശനഷ്ടം. മുൻ വർഷങ്ങളേക്കാൾ രൂക്ഷമായ വേലിയേറ്റമാണ് ഇക്കുറി ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. വേലിയേറ്റം കാരണം മല്‍സ്യബന്ധനത്തിന് പോകാന്‍ പോലും മണ്‍റോത്തുരുത്തുകാര്‍ക്ക് കഴിയുന്നില്ല. [

വഴികളും തോടുകളും തിരിച്ചറിയാത്ത വിധം മണ്‍റോതുരുത്തിന്റെ മിക്ക ഭാഗങ്ങളിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. വീടുകളുടെ നാലുവശവും വെള്ളം കെട്ടി നിൽക്കുന്നതു മൂലം ആളുകൾക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. വേലിയേറ്റത്തില്‍ കടലിൽ നിന്നും അഷ്ടമുടി കായലിലൂടെ കല്ലടയാറ്റിലെത്തുന്ന വെള്ളമാണ് മണ്‍റോതുരുത്തിനെ മുക്കുന്നത്.

അര്‍ധരാത്രിയോടെ കയറുന്ന വെള്ളം രാവിലെ 11 മണിയോടെ തിരിച്ചിറങ്ങും. ബാക്കിയാകുന്ന ചെളിയില്‍ നിന്നു ദുര്‍ഗന്ധം വമിക്കും. ഭൂരിപക്ഷം ജനങ്ങളുടെയും ആശ്രയമായിരുന്ന മത്സ്യബന്ധനവും തൊഴിലുറപ്പ് തൊഴിലും വേലിയേറ്റം കാരണം മുടങ്ങിയിരിക്കുകയാണ്. സൗജന്യ റേഷൻ അനുവദിക്കണമെന്നും പകർച്ചവ്യാധികൾ തടയാന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.