അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിനൊപ്പം, കൊല്ലം പത്തനാപുരത്തെ സര്‍ക്കാര്‍ സ്കൂളിനെ പൊറുത്തിമുട്ടിച്ച് മരപ്പട്ടികളുടെ ശല്യവും. തലവൂര്‍ അമ്പലത്തിന്‍നിരപ്പ് എല്‍.പി സ്കൂളിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കഴിഞ്ഞ രാത്രി മരപ്പട്ടികള്‍ നശിപ്പിച്ചു.
കംപ്യൂട്ടറും, ഫര്‍ണീച്ചറും മാത്രമല്ല ഉച്ചഭക്ഷണത്തിനുള്ള ആഹാര സാധനങ്ങള്‍ വരെ മരപ്പട്ടികള്‍ നശിപ്പിച്ചു. ക്ലാസ് മുറികളുടെ മേല്‍ക്കൂരയും തകര്‍ത്തു.
അമ്പലത്തിന്‍നിരപ്പ് എല്‍.പി സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളും വളരെ കുറവാണ്. അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് സ്കൂളിലെ കെട്ടിടങ്ങള്‍. മഴക്കാലത്ത് മേല്‍ക്കൂര ചോര്‍ന്ന് ഒലിക്കും.ആ ദിവസങ്ങളില്‍ വരാന്തയിലാണ് അധ്യയനം. സ്കൂളിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ എണ്‍പതു കുട്ടികളെയും മറ്റു സ്കൂളിലേക്ക് മാറ്റുമെന്നാണ് രക്ഷിതാക്കളുടെ മുന്നറിയിപ്പ്.