മികച്ച കോർപ്പറേഷനെന്ന് പേര് കൊല്ലത്തിന്; ആക്രിക്കടയ്ക്ക് സമാനം

സംസ്ഥാന സര്‍ക്കാര്‍ മികച്ച കോര്‍പറേഷനായി തിരഞ്ഞെടുത്തിട്ടുള്ള കൊല്ലം കോര്‍പറേഷനില്‍ ലക്ഷക്കണക്കിന് രൂപയുടെ  ഉപകരണങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. പൊതുജനത്തിന്റ പണം കൊണ്ട് വാങ്ങിയ ലക്ഷങ്ങള്‍ വിലവരുന്ന ജനറേറ്റര്‍ മുതല്‍ അംഗന്‍വാടികളില്‍ വിതരണം ചെയ്യാനായി വാങ്ങിയ സൈക്കിളും കസേരയും വരെ കോര്‍പറേഷന്‍ വളപ്പില്‍ കിടന്ന് നശിക്കുകയാണ്. കൃത്യസമയത്ത് ലേലം ചെയ്തിരുന്നെങ്കില്‍ കാല്‍കോടി രൂപയെങ്കിലും നഗരസഭയ്ക്ക് കിട്ടുമായിരുന്നു.

ആക്രിക്കടയല്ല. സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ നഗരപാലിക അവാര്‍ഡ് നേടിയ കൊല്ലം കോര്‍പ്പറേഷന്‍ വളപ്പാണിത്.  ഒാഫീസ് നവീകരിണത്തിന്റെ ഭാഗമായി  ലക്ഷങ്ങള്‍ വിലയുള്ള ഉപകരണങ്ങള്‍ എല്‍.ഡി.എഫ് ഭരണസമിതി വെളിയില്‍ തള്ളി. തേക്കും തടിയുടെ മേശയും കസേരയും മുതല്‍  പ്രമുഖ കമ്പനികളുടെ ഇരുമ്പ് അലമാരകളും  മോട്ടറും ജനറേറ്ററും ഫ്രിഡ്ജും അംഗനവാടിയില്‍ വിതരണം ചെയ്യാനുള്ള സൈക്കിള്‍ വരെ ഇവിടെയുണ്ട്. എല്ലാം മാസങ്ങളായി മഴയും വെയിലുമേറ്റ് നശിക്കുന്നു. 

‌ഈ ഉപകരണങ്ങള്‍ നഗരസഭ ഇങ്ങനെ വലിച്ചെറിഞ്ഞിട്ട് ഒരു വര്‍ഷം കഴിഞ്ഞു. പലതും അധികം കാലപ്പഴക്കമില്ലാത്തവ. അന്നു ലേലം ചെയ്തു വിറ്റിരുന്നെങ്കില്‍ നല്ലൊരു തുക നഗരസഭയ്ക്ക് കിട്ടിയേനെ. ഇനിയിത് ആക്രി വിലയ്ക്ക് പോലും ആരും എടുക്കാനിടയില്ല.